കാസര്‍കോട് ജനറല്‍ ആശുപത്രി വളപ്പിലെ മരംമുറി: വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി

കാസര്‍കോട് ജനറല്‍ ആശുപത്രി വളപ്പിലെ മരംമുറിയില്‍ വലിയ ക്രമക്കേടുകളെന്ന് വിജിലന്‍സ് കണ്ടെത്തല്‍. റോഡ് വികസനത്തിനായെന്ന് പറഞ്ഞ് അനുമതിയില്ലാതെ തേക്കടക്കം അഞ്ചുമരങ്ങളാണ് കരാറുകാരന്‍ മുറിച്ചുമാറ്റിയത്. മൂന്നുപേരുടേതായി സമര്‍പ്പിക്കപ്പെട്ട ക്വട്ടേഷനുകളിലുണ്ടായിരുന്നത് ഒരേ കയ്യക്ഷരവും. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നും ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനാണ് മരംമുറിച്ചത്. പഴയ അലൈന്‍മെന്റ് പ്രകാരം മുറിക്കേണ്ട അഞ്ച് മരങ്ങളുടെ ലിസ്റ്റാണ് ആശുപത്രി സൂപ്രണ്ട് കാസര്‍കോട് മുനിസിപ്പാലിറ്റിക്ക് നല്‍കിയത്. എന്നാല്‍ പുതിയ അലൈന്‍മെന്റ് പ്രകാരം മുറിക്കേണ്ട മരങ്ങളുടെ എണ്ണം ഒന്നാക്കി ചുരുക്കി. ഈ വിവരം മറച്ചുവച്ച് കരാറുകാരന്‍ അഞ്ച് മരങ്ങള്‍ മുറിച്ചു. അതോടൊപ്പം ക്വട്ടേഷന്‍ നല്‍കിയതിലും വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി. ഒരേ കയ്യക്ഷരത്തില്‍ മൂന്ന് ക്വട്ടേഷനുകളാണ് നഗരസഭയ്ക്ക് സമര്‍പ്പിച്ചിരുന്നത്. ഇതും ക്രമക്കേടാണ്. വില നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിനായിരിക്കെ അത് മറച്ചുവച്ചുകൊണ്ട് മുറിച്ച മരം കടത്തി. നഗരസഭയുടേതായി മൂന്ന് തെറ്റുകളാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. 1. ഒരേകയ്യക്ഷരത്തിലുള്ള മൂന്ന് ക്വട്ടേഷനുകള്‍ തള്ളിക്കളയാതെ സ്വീകരിച്ചു. 2. ക്വട്ടേഷന്‍ നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല, 3. അനധികൃതമായി മരംമുറിക്കുന്നത് അറിഞ്ഞിട്ടും തടസ്സപ്പെടുത്തിയില്ല. കേസ് റജിസ്റ്റര്‍ ചെയ്ത ടൗണ്‍ പൊലീസ് മുറിച്ച മരങ്ങള്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുന്നതിനിടെ കരാറുകാരന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today