ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് വിമാന ടിക്കറ്റിന് കൊള്ള വില, ഈടാക്കുന്നത് മറ്റുള്ള വിമാനത്താവളത്തിലെതിനേക്കാൾ ഇരട്ടി നിരക്ക്

ദുബൈ: ദുബൈ വിമാനത്താവളത്തില്‍നിന്ന് കണ്ണൂരിലേക്ക് കഴുത്തറപ്പന്‍ നിരക്ക്. കേരളത്തിലെ മറ്റ് വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍, കണ്ണൂരിലേക്ക് ഈടാക്കുന്നതില്‍ ഇരട്ടിയിലേറെ വ്യത്യാസമുണ്ട്. വിദേശ വിമാനക്കമ്ബനികള്‍ക്ക് കണ്ണൂരില്‍ അനുമതി നല്‍കില്ലെന്ന കേന്ദ്രനിലപാടും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്ബനികള്‍ സര്‍വിസ് നടത്താതെ മുഖംതിരിച്ചുനില്‍ക്കുന്നതുമാണ് കണ്ണൂരിലേക്ക് മാത്രം നിരക്ക് കുത്തനെ ഉയരാന്‍ കാരണം. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ കണ്ണൂരിലേക്കുള്ള സര്‍വിസ് നിര്‍ത്തിയതും തിരിച്ചടിയായി. അടുത്ത ആഴ്ച കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് 300-500 ദിര്‍ഹമാണ് ദുബൈയില്‍നിന്ന് ടിക്കറ്റ് നിരക്ക്. എന്നാല്‍, കണ്ണൂരിലേക്ക് ഇത് 900 ദിര്‍ഹമിന് മുകളിലാണ്. ചില ദിവസങ്ങളില്‍ 1000ത്തിനു മുകളിലാണ് നിരക്ക്. എമിറേറ്റ്സ് വിമാനംപോലും തിരുവനന്തപുരത്തേക്ക് 790 ദിര്‍ഹമിന് സര്‍വിസ് നടത്തുന്ന ദിവസം ഗോ എയര്‍ കണ്ണൂരിലേക്ക് ഈടാക്കുന്നത് 1040 ദിര്‍ഹമാണ്. ഈ ദിവസം കോഴിക്കോട്ടേക്ക് 310 ദിര്‍ഹം മാ ത്രമാണ് നിരക്ക്. സാധാരണ നിരക്ക് കുറവുള്ള ഷാര്‍ജയില്‍ നിന്ന് പോലും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. മാര്‍ച്ച്‌ 27 മുതല്‍ അന്താരാഷ്ട്ര യാത്രവിലക്ക് ഒഴിവാക്കുന്നതോടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. എന്നാല്‍, വിലക്ക് നീക്കം കണ്ണൂരിന് ഇരുട്ടടിയാണ് നല്‍കിയിരിക്കുന്നത്. യാത്രവിലക്കുണ്ടായിരുന്ന സമയത്ത് എയര്‍ബബ്ള്‍ കരാര്‍ പ്രകാരം എയര്‍ ഇന്ത്യ കണ്ണൂരിലേക്ക് സര്‍വിസ് നടത്തിയിരുന്നു. വിലക്ക് നീങ്ങിയതോടെ എയര്‍ബബ്ള്‍ കരാര്‍ അവസാനിച്ചതിനാല്‍ 28 മുതല്‍ എയര്‍ ഇന്ത്യ സര്‍വിസ് നിര്‍ത്തി. ഇന്‍ഡിഗോയും സര്‍വിസ് നടത്തുന്നില്ല. ഈ വിമാനങ്ങളുടെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കണ്ണൂരിനെ അവഗണിച്ചിരിക്കുകയാണ്. തൊട്ടടുത്തുള്ള കോഴിക്കോടിന് ഇരട്ടി സര്‍വിസ് നല്‍കിയപ്പോഴാണ് കണ്ണൂരിനെ മൊത്തത്തില്‍ അവഗണിച്ചത്. വിദേശയാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒമ്ബതാം സ്ഥാനം നേടിയ വിമാനത്താവളമാണ് കണ്ണൂര്‍. ഓരോ മാസവും 20,000 വിദേശ യാത്രക്കാര്‍ എത്തുന്ന എയര്‍പോര്‍ട്ടാണിത്. എന്നിട്ടും, വിദേശ വിമാനങ്ങള്‍ക്ക് ഇവിടേക്ക് അനുമതിയില്ല. തുടക്കം മുതല്‍ വിമാനത്താവളം നേരിടുന്ന അവഗണനയുടെ തുടര്‍ച്ചയാണിതെന്ന് പ്രവാസികള്‍ ആരോപിക്കുന്നു. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്ബോഴും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള ജില്ലയാണ് കണ്ണൂര്‍. മുഖ്യമന്ത്രിയുടെ നാട് കൂടിയാണ്. സംസ്ഥാന സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും എം.പിമാരും ഈ വിഷയം കൂടുതല്‍ ശക്തമായി കേന്ദ്രത്തില്‍ ഉന്നയിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം
Previous Post Next Post
Kasaragod Today
Kasaragod Today