'മിണ്ടാതിരിക്ക്, ഇത്തരം ചോദ്യം ചോദിക്കരുത്, നിങ്ങള്‍ക്കിത് നല്ലതല്ല'; പെട്രോള്‍ 40 രൂപയ്ക്ക് നല്‍കുമെന്ന മുന്‍ പ്രസ്താവനയെപ്പറ്റി ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി രാംദേവ്

ന്യൂഡല്‍ഹി: ഇന്ധനവിലയെക്കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി യോഗ ഗുരു ബാബ രാംദേവ്. പെട്രോള്‍ വിലയുമായി ബന്ധപ്പെട്ട് മുന്‍പ് നടത്തിയ പ്രസ്താവനയെക്കുറിച്ചായിരുന്നു രാംദേവിനോട് ചോദിച്ചത്. ഒരു ലിറ്റര്‍ പെട്രോള്‍ 40 രൂപയ്ക്കും പാചകവാതക സിലിണ്ടര്‍ 300 രൂപയ്ക്കും നല്‍കാന്‍ കഴിയുന്ന സര്‍ക്കാരിനെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്. പെട്രോള്‍ വില പ്രതിദിനം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്‍ പ്രസ്താവന മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ അദ്ദേഹം ക്ഷുഭിതനായി. 'ശരിയാണ് മുന്‍പ് ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും. എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ നിങ്ങളുടെ കരാറുകാരന്‍ അല്ല.'- അദ്ദേഹം പറഞ്ഞു. രാം ദേവ് മറുപടി പറഞ്ഞപ്പോള്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ വീണ്ടും ഈ ചോദ്യം ആവര്‍ത്തിച്ചു. 'നിങ്ങള്‍ എന്ത് ചെയ്യും. മിണ്ടാതിരിക്ക്. നിങ്ങള്‍ക്കിതു നല്ലതല്ല. ചോദ്യം ആവര്‍ത്തിക്കുന്നത് തെറ്റാണ്. അന്തസുള്ള മാതാപിതാക്കളുടെ മകനായിരിക്കും നിങ്ങള്‍.'- രാംദേവ് പറഞ്ഞു. 'ഇന്ധനവില കുറഞ്ഞിരുന്നാല്‍ നികുതി കിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ ഭരണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും. എങ്ങനെ ശമ്ബളം കൊടുക്കും. റോഡുകള്‍ എങ്ങനെ നിര്‍മിക്കും. വിലക്കയറ്റം മാറണമെന്ന് ഞാനും പറയുന്നു. ആളുകള്‍ കഠിനാദ്ധ്വാനം ചെയ്യണം. ഞാന്‍ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കും. രാത്രി പത്തു വരെ ജോലി ചെയ്യുന്നുണ്ട്.'- രാം ദേവ് പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today