വ്ളോഗറും മോഡലുമായ നേഹയുടെ മരണത്തില്‍, ഒപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശിയെ ചോദ്യം ചെയ്ത് വിട്ടയച്ച നടപടിക്കെതിരെ ബന്ധുക്കള്‍, ദുരൂഹതയുണ്ടെന്നും കേസ് അട്ടിമറിക്കാൻ ശ്രമമെന്നും ആരോപണം

കൊച്ചി: വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹാ നിഥിന്‍ (27) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി സിദ്ധാര്‍ത്ഥ് നായരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കേസ് എങ്ങനെയെങ്കിലും ഒത്തു തീര്‍പ്പാക്കാനാണ് പൊലീസിന്റെ ശ്രമം. അതിനായുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. സിദ്ധാര്‍ത്ഥിനെതിരെയുള്ള നിരവധി തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. ഇതെല്ലാം നേഹയുടെ ആത്മഹത്യയില്‍ ദുരൂഹതയുളവാക്കുന്നതാണെന്നും ബന്ധുക്കള്‍ മറുനാടനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ത്ഥിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. നേഹയുടെ ആത്മഹത്യാ വിവരമറിഞ്ഞ ശേഷം ഇയാളെ പറ്റി വിവരമൊന്നുമില്ലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പറ്റി മറുനാടന്‍ വാര്‍ത്ത കൊടുത്തതിന് പിന്നാലെയാണ് കേസന്വേഷിക്കുന്ന എളമക്കര പൊലീസിന് മുന്നില്‍ ഹാജരായത്. നേഹയുമായുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇയാള്‍ പൊലീസിന് കൈമാറി. ആത്മഹത്യാ പ്രവണതയുള്ള ആളായിരുന്നു നേഹ എന്നാണ് സിദ്ധാര്‍ത്ഥ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതു സാധൂകരിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പൊലീസിന് നല്‍കിയിരിക്കുന്നത്. ഇതോടെയാണ് പൊലീസ് ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചത്. കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്നയാളായിരുന്നിട്ടും ഇവരുടെ താമസ സ്ഥലത്തെ സ്ഥിരം സന്ദര്‍ശകനായ യുവാവില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തിട്ടും സിദ്ധാര്‍ത്ഥിനെ വെറുതെ വിട്ടതില്‍ ദുരൂഹതയുള്ളതായാണ് നേഹയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നേഹാ നിഥിനെ പോണേക്കരയിലെ മെര്‍മെയ്‌ഡ് അപ്പാര്‍ട്ട്മെന്റിലെ താഴത്തെ നിലയിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ദിവസം സിദ്ധാര്‍ത്ഥ് നേഹയുമായി വഴക്കിട്ട് കാസര്‍കോട്ടേക്ക് പോകുകയും നെട്ടൂര്‍ സ്വദേശിയായ മുഹമ്മദ് സനൂജിനെ കൂട്ടിരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച സനൂജ് ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. നേഹ ആത്മഹത്യ ചെയ്തതിന് പിന്നാലെ കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാം ഇവിടെയെത്തുകയും മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അയല്‍വാസികള്‍ തടഞ്ഞതിനാല്‍ ഇയാള്‍ പുറത്ത് കാത്തു നിന്നു. ഈ സമയം സ്ഥലത്തെത്തിയ എളമക്കര പൊലീസ് അബ്ദുള്‍ സലാമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ പരിശോധനയില്‍ ഇയാള്‍ വന്ന കാറിനുള്ളില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് നേഹയുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ അവിടെ നിന്നും എം.ഡി.എം.എ കണ്ടെടുത്തു. നേഹ എട്ടു വര്‍ഷം മുന്‍പ് വിവാഹിതയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവര്‍ ആറുമാസം മുന്‍പാണ് പോണേക്കര ജവാന്‍ ക്രോസ് റോഡിലുള്ള മെര്‍മെയ്‌ഡ് അപ്പാര്‍ട്ട്‌മെന്റില്‍ സിദ്ധാര്‍ത്ഥിനൊപ്പം താമസത്തിനെത്തിയത്. ഭാര്യാ ഭര്‍ത്താക്കന്മാരാണ് എന്ന് പറഞ്ഞാണ് എച്ച്‌.ഡി.എഫ്‌സി ബാങ്ക് മാനേജരുടെ ഉടമസ്ഥതയിലുള്ള മുറിയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. അപ്പാര്‍ട്ട്‌മെന്റിന്റെ താഴത്തെ നിലയിലെ മുറിയില്‍ താമസിച്ചിരുന്ന ഇവര്‍ മറ്റുള്ളവരോട് അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഉടമയോട് കാക്കനാട് ഐ.ടി കമ്ബനിയിലാണ് ജോലിയെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം വ്യാജമായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നേഹയുടെയും സിദ്ധാര്‍ത്ഥിന്റെയും മുറിയില്‍ പുറത്ത് നിന്നും നിരവധി പേര്‍ എത്തുമായിരുന്നു. ഇത് ചോദ്യം ചെയ്ത അയല്‍വാസികളോട് രാത്രിയില്‍ വിദേശ കമ്ബനികള്‍ക്ക് വേണ്ടി മുറിയിലിരുന്ന് ജോലി ചെയ്യാനെത്തുന്നവരാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വന്നിരുന്നത് മയക്കുമരുന്ന് മാഫിയാ സംഘങ്ങളായിരുന്നു. മറ്റാരുടെയും അധിക ശ്രദ്ധ ലഭിക്കാത്ത മുറിയായിരുന്നതിനാല്‍ ഇവിടെ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. നേഹയുമൊത്ത് കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥ് നേഹയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം കഴിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഇവരുടെ അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. സിസിടിവിയില്‍ നിന്നും പല രഹസ്യങ്ങളും പുറത്തു വരുമെന്ന് കരുതുന്നതായും അവര്‍ പറയുന്നു. സിപിഎം സമ്മേളനം എറണാകുളത്ത് നടക്കുന്നതിനാല്‍ പൊലീസ് സിസിടിവി പരിശോധന പിന്നീട് നടത്താനാണ് തീരുമാനം. സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും ഹാജരാകണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today