യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിൽ മൂന്നുപേരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു

 വിദ്യാനഗർ : ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. തട്ടിയെടുത്ത മൊബൈൽ ഫോണും പോലീസ് കണ്ടെത്തി. കല്ലക്കട്ടയിലെ സുൽത്താൻ ഹുസൈൻ (29), എരുതുംകടവിലെ മുഹമ്മദ് ഫാഹിസ് (21), അണങ്കൂരിലെ അസ്കർ അലി (22) എന്നിവരെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്


സുൽത്താൻ ഹുസൈനും മുഹമ്മദ് ഫാഹിസും നിരവധി കേസുകളിൽ പ്രതിയാണെന്ന് ഇൻസ്പെക്ടർ പറഞ്ഞു. സുൽത്താൻ ഹുസൈൻ ഗുണ്ടാ നിയമപ്രകാരവും ജയിലിൽ കിടന്നിട്ടുണ്ട്. കല്ലക്കട്ടയിൽവച്ചാണ് മൂവരും പിടിയിലായത്.


കഴിഞ്ഞദിവസമാണ് ബാരിക്കാട് പാമ്പാച്ചിക്കടവിലെ ചന്ദ്രനെ നാലംഗസംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. പുലർച്ചെ ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന ചന്ദ്രനെ എരുതുകടവിൽ വെച്ചാണ് ആക്രമിച്ചത്. വടിവാളും ഇരുമ്പുവടിയുമുപയോഗിച്ച് നടത്തിയ അക്രമത്തിൽ ചന്ദ്രന്റെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 4000 രൂപയും കവർന്നു. മൊബൈൽ ഫോണും തട്ടിപ്പറിച്ചിരുന്നു. വിദ്യാനഗർ എസ്.ഐ. കെ.പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സലാം, ഗണേഷ് എന്നിവരും പ്രതികളെ പിടികൂടാനുണ്ടായിരുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today