ആദൂര്‍: കെട്ടുകല്ലിലെ മുഹമ്മദ് നിസാറിന്റെ വീട് കുത്തിതുറന്ന് ഏഴുപവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ന്ന കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ ചിക്കബഡ്നൂര്‍ താരിഗുഡെ കൃഷ്ണനഗറിലെ അഷ്റഫ് എന്ന മുഹമ്മദ് അഷ്റഫിനെ(56)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ ചിക്കമഡ്നൂരിലെ മുഹമ്മദ് സലാമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പുത്തൂരില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് സലാം റിമാണ്ടിലായിരുന്നു. അതിനിടെയാണ് കെട്ടുകല്ലിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ആദൂര്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങിയത്. മുഹമ്മദ് സലാമിനെ ചോദ്യം ചെയ്തതോടെ നിസാറിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി മുഹമ്മദ് അഷ്റഫിനും ബന്ധമുണ്ടെന്ന് തെളിഞ്ഞു. മംഗളൂരു ജയിലില്‍ നിന്ന് കോടതിയുടെ പ്രോഡക്ഷന്‍ വാറണ്ട് പ്രകാരം മുഹമ്മദ് അഷ്റഫിനെയും ആദൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അഷ്റഫിനെതിരെ വയനാട്ടില്‍ ആറ് കവര്‍ച്ചാക്കേസുകളും മലപ്പുറത്ത് ഒരു കവര്‍ച്ചാക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് കെട്ടുകല്ലിലെ മുഹമ്മദ് നിസാറിന്റെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടന്നത്. നിസാറും കുടുംബവും ബംഗളൂരുവിലാണ് താമസം. പൂട്ടിയിട്ട വീട് ശ്രദ്ധിക്കാനും പറമ്പ് ശുചീകരിക്കാനും മുഹമ്മദ് നിസാര്‍ അയല്‍വാസിയായ ഒരാളെ ചുമതലപ്പെടുത്തിയിരുന്നു.
31ന് രാവിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ട അയല്‍വാസി ഇക്കാര്യം നിസാറിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. ബംഗളൂരുവില്‍ നിന്നെത്തിയ നിസാര്‍ വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് വ്യക്തമായത്.
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നകേസിൽ, ഒരു പ്രതി കൂടി അറസ്റ്റിൽ
mynews
0