കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി
നീലേശ്വരം : ഗൃഹനിർമ്മാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ് മരിച്ച തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15 മണിക്കാണ് നിർമ്മാണ പ്രവൃത്തികൾക്കിടെ യുവാവ് തല കറങ്ങി താഴെ വീണ് മരിച്ചത്.
മടിക്കൈ തെക്കൻ ബങ്കളത്ത് നിർമ്മാണം നടക്കുന്ന വീടിന്റെ പണികൾക്കിടെയാണ് പുതുക്കെ ചേടീറോഡ് മീത്തലെ വീട് കുഞ്ഞിക്കണ്ണന്റെ മകൻ എം.വി. ബിജു 38, തലകറങ്ങി താഴെ വീണത്. തലയടിച്ച് വീണതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
.