കാസർകോട്
കോളിയടുക്കം ഗവ. യുപി സ്കൂളിൽ ബുധനാഴ്‌ച ആരംഭിക്കുന്ന ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇൻ ഫൺ ടൈം (ക്രാഫ്‌റ്റ്–- 22) ക്യാമ്പിനുള്ള ഒരുക്കം പൂർത്തിയായതായി എസ്‌എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസർ പി രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൃഷി, ആഹാരം, വീട്ടുപകരണനിർമാണം, കളിപ്പാട്ട നിർമാണം, കരവിരുത് എന്നീ മേഖലകളിൽ യുപി വിഭാഗം കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സമഗ്രശിക്ഷാ കേരളം, ഹരിതകേരള മിഷൻ എന്നിവയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം കോളിയടുക്കം സ്‌കൂളിൽ രാവിലെ 9.30ന് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിക്കും. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനാകും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ സീമ, എസ്‌എസ്‌കെ സംസ്ഥാന പ്രോജക്ട് ഓഫീസർ ഡോ. എ ആർ സുപ്രിയ എന്നിവർ മുഖ്യാതിഥികളാകും.ഏഴാംക്ലാസിൽ പഠിക്കുന്ന 40 കുട്ടികളാണ് ക്യാമ്പിലുള്ളത്. പ്രത്യേക പരിഗണന അർഹിക്കുന്ന അഞ്ച് കുട്ടികളുമുണ്ടാകും. ഇവരുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ അഞ്ച് റിസോഴ്‌സ് അധ്യാപകരുമുണ്ടാകും. ക്യാമ്പിൽ ഭക്ഷണത്തിനാവശ്യമായ വസ്തുക്കൾ പൊതുജനങ്ങളിൽനിന്നും ശേഖരിച്ച് ചൊവ്വാഴ്‌ച കോളിയടുക്കം ടൗൺ കേന്ദ്രീകരിച്ച് ഘോഷയാത്രയായി സ്കൂളിലെത്തിച്ചു.
ജില്ലയിൽ ആറാംക്ലാസുകാർക്ക് കൊടക്കാട് ജിഡബ്ല്യുയുപി സ്‌കൂളിലും എട്ടാംക്ലാസുകാർക്ക് കമ്പല്ലൂരിലുമാണ് ക്യാമ്പ്.
29ന് ക്യാമ്പിന്റെ ഭാഗമായുണ്ടാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും സമാപന സമ്മേളനവും നടക്കും. പകൽ 2.30ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം എം മധുസൂദനൻ, പ്രധാനാധ്യാപകൻ സി ഹരിദാസൻ, ശശിധരൻ കൈരളി, ടി പവിത്രൻ, ഗിരീഷ് ഹരിതം, ആർ വിജയകുമാർ എന്നിവരുമുണ്ടായി.