കാഞ്ഞങ്ങാട് : തന്റെ ചിത്രങ്ങൾ അടുത്ത ബന്ധുവായ യുവാവിന്റെ ചിത്രങ്ങളോടൊപ്പം ചേർത്ത് അപകീർത്തിയുണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചുവെന്ന കേസ്സിൽ സെൽ ഫോൺ ഹാജരാക്കാൻ അജാനൂർ യുവഭർതൃമതിക്ക് പോലീസ് നോട്ടീസ് നൽകി. അജാനൂർ തെക്കേപ്പുറം സ്വദേശിനിയായ മെഹ്റുന്നീസയുടെ സെൽഫോൺ ഹാജരാക്കാനാണ് ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ നോട്ടീസ് നൽകിയത്.
ഭർത്താവും കുട്ടികളുമുള്ള മെഹ്റുന്നീസയെ ബോധപൂർവ്വം സമൂഹ മധ്യത്തിൽ താഴ്ത്തിക്കെട്ടാൻ മെഹ്റുന്നീസയുടെയും, ബന്ധുവായ മറ്റൊരു യുവാവിന്റെയും ചിത്രങ്ങൾ പരസ്പരം ഒരുമിച്ച് ചേർത്ത് ഇൻസ്റ്റാഗ്രാമിൽ നാട്ടിലും, ഗൾഫ് നാടുകളിലും വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. യുവഭർതൃമതി ഹോസ്ദുർഗ്ഗ് കോടതിയിൽ നൽകിയ അന്യായത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ മജിസ്ത്രേട്ട് നിർദ്ദേശം നൽകിയിരുന്നു.
അജാനൂർ കൊത്തിക്കാലിൽ താമസിക്കുന്ന യുവഭർതൃമതി സൗധ, തെക്കേപ്പുറത്ത് താമസിക്കുന്ന റമീസ്, ബംഗളൂരുവിൽ ജോലി ചെയ്യുന്ന അതിഞ്ഞാലിലെ പി.പി. ഹനീഫ എന്നിവരുടെ പേരിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. നേരിട്ട് ഹാജരാകാൻ ഇവർക്ക് പോലീസ് നോട്ടീസ് നൽകിയെങ്കിലും, ഇവരിൽ റമീസും ഹനീഫയും ഇനിയും പോലീസിൽ ഹാജരായിട്ടില്ല. ചിത്രങ്ങൾ ആരാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇൻസ്റ്റാഗ്രാമിൽ നിന്നും തെളിവുകൾ ലഭിക്കുമെന്ന് ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ വെളിപ്പെടുത്തി
.