ദുബൈ: അബൂദബിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടായ സ്ഥലത്ത് രണ്ട് സ്ഫോടനങ്ങള്‍ നടന്നത് അപകടം വര്‍ധിപ്പിച്ചു.
മധ്യ അബൂദബിയിലെ ഖാലിദിയ ഏരിയയിലെ റെസ്റ്റോറന്റിലാണ് ഇന്നലെ ഉച്ചയോടെ ദുരന്തമുണ്ടായത്. രണ്ടു പേര്‍ മരിക്കുകയും നൂറിലേറെപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 120 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 64 പേര്‍ക്ക് നിസാര പരുക്കുകളും 56 പേര്‍ക്ക് ഗൗരവമായ പരുക്കുകളും സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സിവില്‍ ഡിഫന്‍സ്, പൊലിസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ അപായമുണ്ടായില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയര്‍ റെസ്റ്റോറന്റ് പൊട്ടിത്തെറിയെത്തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നതായി വാര്‍ത്തയുണ്ട്്.
കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദറും ചേര്‍ന്ന് നടത്തുന്ന ഫുഡ് കെയര്‍ സെന്ററാണ് തകര്‍ന്നത്. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ആദ്യ സ്ഫോടനത്തിനുശേഷം ശബ്ദം കേട്ട് ആളുകള്‍ എത്തിയിരുന്നു.
പിന്നീട് പത്തിരുപത് മിനിറ്റുകള്‍ക്കു ശേഷം വീണ്ടും സ്ഫോടനം നടന്നു. ആറ് കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി. പരിക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടി
ല്ല