ബദിയടുക്ക സുള്ള്യപദവ് റോ‍ഡ് നവീകരിച്ചതോടെ അമിത വേഗതമൂലമുള്ള അപകടങ്ങൾ തുടർക്കതയാവുന്നു, പരിക്ക് പറ്റിയ രണ്ട് പേർ ഗുരുതരനിലയിൽ

 ബദിയടുക്ക ∙ നവീകരിച്ച റോഡിലൂടെ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നു; നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ പലയിടങ്ങളിലും അപകടങ്ങൾ പതിവാകുന്നു. ബദിയടുക്ക സുള്ള്യപദവ് റോ‍ഡ് നവീകരിച്ചതോടെയാണു വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നത് അപകടത്തിനിടയാക്കുന്നത്. ഇന്നലെ 2ന് കർവത്തടുക്കയിൽ നിന്ന് ബദിയടുക്ക ഭാഗത്തേക്കു വന്ന ടിപ്പറും കർവത്തടുക്ക ഭാഗത്തേക്കു പോകുന്ന ബൈക്കും കൂട്ടിയിടിച്ച് ഉബ്രംഗളയിലെ ഉദയകുമാർ, ശാരദ(65) എന്നിവർക്കു പരുക്കേറ്റിരുന്നു.


ഗുരുതരമായി പരുക്കേറ്റ ഉദയകുമാറിനെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ റോ‍ഡ് വിദ്യാഗിരി ജംക്‌ഷനിലേക്കാണെത്തുന്നത്. ഇവിടെ നിന്ന് ഏത്തടുക്കയിലേക്കും കുമ്പടാജെയിലേക്കും നവീകരിച്ച റോഡിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സർക്കിളോ സൂചനാ ബോർഡുകളോ സിഗ്നൽ ലൈറ്റുകളോ ഇല്ല. ഇവിടെ ഒന്നാംഘട്ട ടാറിങ്ങാണു കഴിഞ്ഞിട്ടുള്ളത്. ദിവസങ്ങൾക്കു മുൻപ് ഇതേ റോഡിൽ അൽപം അകലെ കാർ അപകടത്തിൽപ്പെട്ടിരുന്നു. വേഗത്തിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണു പരസ്പരം കാണാനാവുന്നത്.


ബദിയടുക്ക സുള്ള്യപദവ് റോഡ് വിദ്യാഗിരി ജംക്‌ഷൻ കഴിഞ്ഞ് കറുവത്തടുക്ക ഭാഗത്തേക്കു തിരിയുമ്പോൾ വളവും ഇറക്കവുമാണ്. വാഹനങ്ങൾ വേഗതത്തിലെത്തി വളവു തിരിഞ്ഞ് ഇറക്കമിറങ്ങുമ്പോൾ മുൻപിൽ വരുന്ന വാഹനങ്ങൾ കാണുന്നത് പെട്ടെന്നാണ്. ഇതു നിയന്ത്രണം വിട്ടുള്ള അപകടത്തിനിടയാക്കുന്നു. ഏത്തടുക്കയിൽ നിന്നു കർവത്തടുക്കയിലേക്കും ബദിയടുക്കയിലേക്കും പോകുന്നതും ഈ ജംക്‌ഷനിലൂടെയാണ്. വേഗത നിയന്ത്രിക്കുന്നതിന് ഇവിടെ ശാസ്ത്രീയമായ രീതിയിലുള്ള സംവിധാനം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം


.

Previous Post Next Post
Kasaragod Today
Kasaragod Today