ആയുധമേന്തി സംഘപരിവാർ പ്രകടനം, കേസെടുക്കാത്തത്തിൽ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ,സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് അപകടകരമെന്ന് നാഷണൽ വിമൻസ് ഫ്രണ്ട്

 കോഴിക്കോട്: ആര്‍എസ്എസ് പോഷക വിഭാഗമായ ദുര്‍ഗാവാഹിനി നെയ്യാറ്റിന്‍കരയില്‍ മാരകായുധങ്ങള്‍ ഏന്തി ഭീതി വിതച്ച് പ്രകടനം നടത്തിയതിനെതിരെ കേസെടുക്കണമെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് പി എം ജസീല ആവശ്യപ്പെട്ടു. രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും നേരെ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തര്‍ക്ക് വേണ്ടി ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിന്റെ ഭാഗമായി ആയുധമേന്തിക്കൊണ്ട് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് അപകടകരമാണ്. ഒരു വിഭാഗം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പര്‍വതീകരിച്ചു കൊണ്ട് മാധ്യമങ്ങളും പോലിസും ഭീതി പടര്‍ത്തി കൊണ്ടിരിക്കുമ്പോള്‍ യഥാര്‍ഥ ഭീകരത ഇവിടെ സൈ്വര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് സര്‍ക്കാറിന്റെ ആര്‍എസ്എസ് വിധേയത്വം ആണ് വ്യക്തമാവുന്നത്. കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് കണ്ടുകൊണ്ടിരിക്കുന്നത്.


വിദ്വേഷ പ്രസംഗങ്ങളും കൊലവിളിയും ആര്‍എസ്എസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുമ്പോള്‍ മൗനം പാലിക്കുന്ന മാധ്യമങ്ങളും നടപടിയെടുക്കാത്ത സര്‍ക്കാരും ഫാഷിസത്തിന് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം. നെയ്യാറ്റിന്‍കരയില്‍ ആയുധ പരിശീലനം സംഘടിപ്പിച്ചവര്‍ക്കെതിരെയും, ആയുധമേന്തി പഥസഞ്ചലനം നടത്തിയവരെയും അറസ്റ്റു ചെയ്യണമെന്നും പി എം ജസീല ആവശ്യപ്പെട്ടു


.

Previous Post Next Post
Kasaragod Today
Kasaragod Today