എക്‌സൈസ് സംഘത്തിന് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട ശേഷം രക്ഷപ്പെട്ട നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍

 ബദിയടുക്ക; എക്‌സൈസ് സംഘത്തിന് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട ശേഷം രക്ഷപ്പെട്ട നിരവധി അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍. വാണിനഗറിലെ വിനു എന്ന വിനോദിനെ(40)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 2012 മുതല്‍ വിനു ഒമ്പതോളം അബ്കാരി കേസുകളില്‍ പ്രതിയാണ്. എക്‌സൈസിന് പിടികൊടുക്കാതെ വിനു മുങ്ങിനടക്കുകയായിരുന്നു. എക്‌സൈസ് പല തവണ വീട്ടില്‍ അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. 




ഒരു ദിവസം വിനു വീട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് എത്തിയെങ്കിലും മുന്തിയ ഇനം വളര്‍ത്തുനായയെ അഴിച്ചുവീടുകയായിരുന്നു. നായയുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞതോടെ വിനു വീടിന്റെ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഇന്നലെ സ്വര്‍ഗയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഒമ്‌നിവാനില്‍ സഞ്ചരിക്കുകയായിരുന്ന വിനുവിനെ തിരിച്ചറിയുകയും തുടര്‍ന്ന് വാഹനം തടഞ്ഞ് പ്രതിയെ പിടികൂടുകയുമായിരുന്നു. വിനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് വിനു, പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഫ്‌സല്‍, ജനാര്‍ദനന്‍, ബാബു, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വിനുവിനെ പിടികൂടിയത്.

Previous Post Next Post
Kasaragod Today
Kasaragod Today