കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിൽ വിജിലൻസ് പരിശോധന,20 കുടുംബങ്ങൾ താമസിക്കുന്ന കാസർകോട്ടുള്ള ഫ്ലാറ്റിന് പത്തു വർഷമായി കെട്ടിട നമ്പരില്ലെന്ന് കണ്ടെത്തി

 കാസർകോട്∙കാസർകോട് : കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തുന്നതിന് വിജിലൻസ് സംസ്ഥാനവ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ട്രൂ ഹൗസ്' പരിശോധനയുടെ ഭാഗമായി കാസർകോട്- കാഞ്ഞങ്ങാട് നഗരസഭകളിൽ പരിശോധന നടത്തി. വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കാസർകോട് നഗസഭയിലും വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭയിലുമാണ് പരിശോധന നടത്തിയത്. ഇരുനഗരസഭകളിലും കെട്ടിനിർമാണവുമായി ബന്ധപ്പെട്ട്‌ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.


കാസർകോട് നഗരസഭയിൽ കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുന്നതും നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമിച്ചതും വിജിലൻസ് കണ്ടെത്തി. പാർക്കിങ്ങിനായി അനുവദിച്ച സ്ഥലത്ത് ഷട്ടറുകൾ ഘടിപ്പിച്ച് കടമുറികളാക്കി വാടകയ്ക്ക് നല്കുന്നതും കണ്ടെത്തി. കെട്ടിടവുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഫയലും പിന്നീട് കെട്ടിടമുള്ള സ്ഥലത്തും അധികൃതർ പരിശോധിച്ചു.പരിശോധന നടത്തിയ കെട്ടിടങ്ങളിൽ പലതിലും കെട്ടിട നി‍ർമാണ ചട്ടം പാലിക്കുന്നതി‍ൽ ക്രമക്കേട് കണ്ടെത്തി. 20 കുടുംബങ്ങൾ താമസിക്കുന്ന തളങ്കരയിലെ ഫ്ലാറ്റിന് പത്തു വർഷമായി കെട്ടിട നമ്പരില്ലെന്നും കണ്ടെത്തി.

2012ലാണ് ഫ്ലാറ്റ് നിർമിച്ചത്. ഇതുപ്രകാരം 10 വർഷത്തെ നികുതി സർക്കാരിന് നഷ്ടപ്പെട്ടുവെന്നും കണ്ടെത്തി. കെട്ടിട നിർമാണത്തിന് സാധാരണക്കാർ നൽകുന്ന അപേക്ഷകളിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞു തീരുമാനം വൈകിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നതിലും വ്യാപക ക്രമക്കേടുള്ളതായി വിജിലൻസ് സംഘം വിലയിരുത്തി


 കാഞ്ഞങ്ങാട് നഗരസഭയിൽ നടത്തിയ പരിശോധനയിൽ അഞ്ച് വാണിജ്യ കെട്ടിടങ്ങൾക്ക് ചട്ടം പാലിക്കാതെ അനുമതി കൊടുത്തതായി കണ്ടെത്തി. അനുമതിയില്ലാതെ മുകൾനില പണിത കെട്ടിടങ്ങളും റോഡിലേക്ക് ഷീറ്റുകളിട്ട് കെട്ടിടത്തിന്റെ വിസ്തീർണം കൂട്ടിയെടുത്തതായും കണ്ടെത്തി. വീടുകൾക്കുള്ള അപേക്ഷകൾ കൃത്യമായ പരിശോധന നടത്താതെ കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. വിവിധ സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നില്ലെന്നും അധികൃതർ കണ്ടെത്തിക്രമക്കേടുകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച വിജിലൻസ് ഡയറക്ടർക്ക് നല്കുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ അറിയിച്ചു.

കാസർകോട്ട് നടത്തിയ പരിശോധനയ്ക്ക് എ.എസ്.ഐ. വി.എം.മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.കെ.രഞ്ജിത്ത് കുമാർ, വി.രാജീവൻ, കെ.വി.പ്രമോദ് കുമാർ എന്നിവർ നേതൃത്വം നല്കി. കാഞ്ഞങ്ങാട്ട് നടത്തിയ പരിശോധനയിൽ എസ്.ഐ.മാരായ വി.രാധാകൃഷ്ണൻ, ടി.വി.സതീശൻ, സുഭാഷ് ചന്ദ്രൻ, പ്രിയ കെ.നായർ, പി.ഡബ്ല്യു.ഡി. എൻജിനിയർ യമുന എന്നിവർ സംബന്ധിച്ചു

 


.

Previous Post Next Post
Kasaragod Today
Kasaragod Today