കാസര്‍കോടുകാരനായ പഞ്ചായത്ത് മെമ്പര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ, അരങ്ങേറ്റ സീൻ തന്നെ വൈറൽ

 ദേവദൂതര്‍ പാടി എന്ന ഗാനവും പോസ്റ്റര്‍ വിവാദവും ഒക്കെ കൊഴുപ്പിച്ച ന്നാ താന്‍ കേസ് കൊട് സിനിമ മികച്ച അഭിപ്രായവുമായി തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത സിനിമയില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബനാണ്. നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് കൂടിയാണ് ഈ കഥാപാത്രം. തമിഴ്‌നടി ഗായത്രി ശങ്കറാണ് നായികയായി എത്തിയത്. എന്നാല്‍ സിനിമയില്‍ ഭൂരിഭാഗം കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. അവരെല്ലാം തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ ഗംഭീരമാക്കുകയും ചെയ്തു.അത്തരത്തില്‍ സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു കോടതി മജിസ്‌ട്രേറ്റിന്റേത്. ഒരുപക്ഷെ സിനിമയിലെ നായകതുല്യ വേഷം തന്നെ. സിനിമയുടെ ഭൂരിഭാഗവും ഒരു കോടതിക്കുള്ളിലാണ് നടക്കുന്നത്. മനസ്സറിഞ്ഞ് ചിരിക്കുവാനും ചിന്തിക്കുവാനും ഉള്ള നിരവധി രംഗങ്ങളാണ് കോടതി മുറിയ്ക്കുള്ളില്‍ സംവിധായകന്‍ സൃഷ്ടിച്ചിരിക്കുന്നത്. ആ രംഗങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് മജിസ്‌ട്രേറ്റും. സിനിമ കണ്ട പ്രേക്ഷകരാരും തന്നെ ആ മജിസ്‌ട്രേറ്റിന്റെ പ്രകടനം മറക്കില്ല. സിനിമയിലെ ഏറ്റവും ഗംഭീരമായ പ്രകടനം മജിസ്‌ട്രേറ്റ് ആയി എത്തിയ അഭിനേതാവിന്റെ ആണെന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തിയില്ല.കാസര്‍കോട് സ്വദേശിയായ പി പി കുഞ്ഞികൃഷ്ണന്‍ ആണ് സിനിമയില്‍ മജിസ്‌ട്രേറ്റായി തിളങ്ങിയത്. നടന്റെ ആദ്യത്തെ സിനിമ കൂടിയാണ് ന്നാ താന്‍ കേസ് കൊട്. സിനിമയിലെ കഥാപാത്രങ്ങളില്‍ കൂടുതലും വടക്കുള്ള പുതുമുഖങ്ങള്‍ വേണമെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ കാസ്റ്റിംഗ് കോളും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. അതില്‍ മജിസ്‌ട്രേറ്റ് ആയി അഭിനയിക്കുവാന്‍ അഭിനേതാവിനെ വേണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു. പി പി കുഞ്ഞികൃഷ്ണന്‍ കാസര്‍കോട് തടിയന്‍കോവ്വല്‍ വാര്‍ഡ് മെമ്പറാണ്ഉദിനൂര്‍ സെന്‍ട്രല്‍ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായി വിരമിച്ച കുഞ്ഞികൃഷ്ണന്‍ നാട്ടിലെ നാടക സമിതികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മറിമായം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഉണ്ണിരാജ് കുഞ്ഞികൃഷ്ണന്‍ മാഷിന്റെ അടുത്ത സുഹൃത്താണ്. ഉണ്ണിരാജ് ആണ് ന്നാ താന്‍ കേസ് കൊട് സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കുവാന്‍ മാഷിനോട് പറയുന്നത്. ഉണ്ണിരാജ് കുഞ്ഞികൃഷ്ണന്‍ മാഷ് അവതരിപ്പിച്ച നാടകങ്ങളൊക്കെ കണ്ടിട്ടുള്ള ഒരാളാണ്. അതുകൊണ്ട് തന്നെ സിനിമയിലെ കഥാപാത്രത്തിന് മാഷ് പാകമാകുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞികൃഷ്ണന്‍ ആദ്യം സമ്മതം മൂളിയില്ല. ഉണ്ണിരാജ് പിന്നെയും ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് ഒരു ഫോട്ടോ അയച്ചുകൊടുക്കുന്നത് പോലും.പിന്നീട് ഓഡിഷനില്‍ പങ്കെടുക്കുവാന്‍ വിളി വന്നു. മനസ്സില്ലാമനസ്സോടെ അതിലും പങ്കെടുക്കുവാന്‍ ചെന്നു. സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറും നടനുമായ രാജേവ് മാധവന്റെ മേല്‍നോട്ടത്തിലാണ് ഓഡിഷന്‍ നടന്നത്. ഒന്ന് രണ്ട് തവണ പിന്നെയും പോകേണ്ടി വന്നു. സിനിമയിലേക്ക് സെലക്ട് ആയി എന്ന് പിന്നീടാണ് നടന്‍ അറിയുന്നത്. അതായിരുന്നു കുഞ്ഞികൃഷ്ണന്‍ സിനിമയിലേക്ക് എത്തിയ വഴി. ആദ്യ സിനിമ എന്ന് തോന്നിക്കാത്ത തരത്തില്‍ നടന്‍ തന്റെ കഥാപാത്രത്തെ മികച്ചതാക്കുകയും ചെയ്തു. ഇനിയും ഗംഭീര വേഷങ്ങള്‍ നടനെ സിനിമയില്‍ നിന്ന് തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു. അദ്ധ്യാപികയായ സരസ്വതിയാണ് കുഞ്ഞികൃഷ്ണന്‍ മാഷിന്റെ ഭാര്യ. സാരംഗ്, ആസാദ് എന്നിവര്‍ മക്കളാണ്


Previous Post Next Post
Kasaragod Today
Kasaragod Today