15ലക്ഷത്തോളം രൂപയുടെ അസംസ്കൃത ഉത്പന്നങ്ങൾ കാസർകോട് നിന്ന് മോഷ്ടിച്ചു കടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

 ചൗക്കി മജലിലെ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങളുടെ അസംസ്‌കൃത ഉത്പന്നങ്ങള്‍ മോഷ്ടിച്ച് കടത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഷെഫീഖുള്‍ (സുഫൈജുല്‍ ഇസ്ലാം-43) നെയാണ് കാസര്‍കോട് എസ്ഐ മധുസൂദനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ അസീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. പോത്തിന്റെ കുടലും, മറ്റ് അവശിഷ്ടങ്ങളും ഉപ്പിലിട്ട് ഉണക്കി അസംസ്‌കൃത ഉത്പന്നങ്ങളാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് രാത്രിയാണ് 15 ലക്ഷത്തിലധികം രൂപയുടെ വസ്തുക്കള്‍ കടത്തിക്കൊണ്ടുപോയത്. ഇവ തമിഴ്നാട് സ്വദേശികള്‍ക്ക് മറിച്ച് വില്‍പ്പന നടത്തിയ ശേഷം സുഫൈജുല്‍ ഇസ്ലാം അസാമിലേക്ക് രക്ഷപെടുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഫൈജുലിനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അസാമിലെ ബംഗ്ലാദേശ് അതിര്‍ത്തിയായ ദൂബ്രി ജില്ലയിലെ ബോഡോ തീവ്രവാദ മേഖലയായ ചാപ്പാര്‍ സ്റ്റേഷന്‍ പരിധിയിലെ ചാഗല്‍കുട്ടിയെന്ന വനാതിര്‍ത്തിയിലെ ഗ്രാമത്തില്‍ നിന്ന് ചാപ്പാര്‍ പോലീസിന്റെയും, കേന്ദ്ര സേനാംഗവും ചെറുവത്തൂര്‍ കാരി സ്വദേശിയുമായ രാജീവന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബുരാജ് മൗക്കോട്, ശ്രീജിത്ത് കാവുങ്കാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജേഷ് അതിയാമ്പൂര്‍, സുനില്‍കുമാര്‍ കരിവെള്ളൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today