കണ്ണൂർ ∙ സെൻട്രൽ ജയിലിലെ ഗുരുതരമായ സുരക്ഷാവീഴ്ചയ്ക്കു വഴിയൊരുക്കി ജയിലിനകത്തു ഗുഡ്സ് ഓട്ടോറിക്ഷയിൽ 3 കിലോഗ്രാം കഞ്ചാവ് എത്തിച്ച സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു. കഞ്ചാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. സെൻട്രൽ ജയിലിലെ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേന കഴിഞ്ഞ വെള്ളിയാഴ്ച ഗുഡ്സ് ഓട്ടോറിക്ഷയിൽ പച്ചക്കറികൾക്കിടയിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയതും ജയിലിൽ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി തടവുകാർ ഭരണം നടത്തുന്നതും ഇന്നലെ വാർത്തയാക്കി യിരുന്നു. തുടർന്നാണു ടൗൺ പൊലീസിന്റെ നടപടി.
കഞ്ചാവ് പിടികൂടിയ കാര്യം വെള്ളിയാഴ്ച തന്നെ ടൗൺ പൊലീസിനെ അറിയിച്ചതായാണു സെൻട്രൽ ജയിൽ അധികൃതർ പറയുന്നത്. എന്നാൽ ‘രണ്ടു പൊതികൾ’ പിടികൂടിയെന്നു മാത്രമാണു ജയിലിൽ നിന്ന് അറിയിച്ചതെന്നും കഞ്ചാവാണെന്നോ തൂക്കം എത്രയാണെന്നോ അറിയിച്ചിരുന്നില്ലെന്നും ആണ് പൊലീസിന്റെ വിശദീകരണം. കേസെടുക്കാതെ മാറ്റി വച്ചത് ഈ കാരണങ്ങൾ കൊണ്ടാണെന്നും പൊലീസ് പറയുന്നു. പച്ചക്കറി വണ്ടി എന്ന വ്യാജേന ഗുഡ്സ് ഓട്ടോറിക്ഷ പ്രധാന കവാടത്തിലൂടെ സെൻട്രൽ ജയിലിന് അകത്തെത്തിയതുംകഞ്ചാവ് ഇറക്കിയ ശേഷം തിരിച്ചുപോയതും ഗുരുതരമായ സുരക്ഷാ വീഴ്ച ആണെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും സെൻട്രൽ ജയിൽ അധികൃതർ എടുത്തിട്ടില്ല. അന്വേഷണത്തിനും തയാറായിട്ടില്ല. ജയിലിനകത്ത് സ്മാർട് ഫോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും കഞ്ചാവ് പൊതികളും മദ്യവും പുറത്തു നിന്ന് എറിഞ്ഞു കൊടുക്കുന്നുവെന്നും കൃത്യമായ വിവരം ഉണ്ടായിട്ടും പരിശോധനയ്ക്കും ജയിൽ അധികൃതർ തയാറായിട്ടില്ല.
ജയിലിന് അകത്തു കഞ്ചാവ് എത്തിച്ചതു കാസർകോട്ടു നിന്നുള്ള വാഹനം ആണെന്നും ഒരു സ്ത്രീയുടെ പേരിലാണു വാഹനമെന്നും ജയിൽ അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സെൻട്രൽ ജയിലിനു സമീപത്തുള്ള സ്പെഷൽ സബ് ജയിലിലേക്കു കഞ്ചാവുപൊതികൾ എറിഞ്ഞു കൊടുത്ത 2 സ്ത്രീകൾക്ക് ഇതുമായി ബന്ധമുണ്ടോ എന്നും ജയിൽ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്
.