7
കാസര്‍കോട്: ലോണ്‍ തിരിച്ചടയ്ക്കാമെന്ന് ഉറപ്പ് നല്‍കിയ മകന്‍ അപകടത്തില്‍ മരിച്ചതോടെ വീട് നിര്‍മിക്കാനായി എടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാകാതെ ജപ്തി ഭീഷണി നേരിടുകയാണ് കാസര്‍കോട് ഒരമ്മ.
കുഡ്‍ലുവിലെ ഗിരിജയാണ് തന്‍റെ പേരില്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടുന്നത്.
മകന്‍ അശോകയ്ക്ക് യുഎഇയിലെ ഒരു നിര്‍മാണ കമ്ബനിയില്‍ ജോലി കിട്ടിയതോടെയാണ് കുട്‍ലുവിലെ ഗിരിജ വീട് നിര്‍മിക്കാനായി ബാങ്ക് ലോണ്‍ എടുത്തത്. ലോണ്‍ തിരിച്ചടച്ചോളാം എന്ന മകന്‍റെ ഉറപ്പിലായിരുന്നു ഇത്. എന്നാല്‍ 2016 നവംബര്‍ 19ന് ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ അപ്രതീക്ഷിതമായി അശോക മരിച്ചു. ഇതോടെ ലോണ്‍ തിരിച്ചടവ് മുടങ്ങി. മകന്‍ അപകടത്തില്‍ മരിച്ചതിനാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല.
തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടയ്ക്കാന്‍ ഗിരിജ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ 3,80,000 രൂപയാണ് കുടിശിക. തിരിച്ചടവ് മുടങ്ങിയതോടെ വീട്ടില്‍ ബാങ്ക് അധികൃതര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. പക്ഷേ ഗിരജിയുടെ അവസ്ഥ മനസ്സിലാക്കി, ഇതുവരെ ജപ്തിയിലേക്ക് നീങ്ങിയിട്ടില്ല. പക്ഷേ, അധികൃതരുടെ മനുഷ്യത്വപരമായ ഈ നീക്കം എത്ര നാള്‍ ഉണ്ടാകുമെന്ന് ഗിരിജയ്ക്കും ഉറപ്പില്ല.
ആകെയുള്ള വീട് ഏത് നിമിഷവും ജപ്തി ചെയ്തേക്കാം എന്ന ആശങ്കയിലാണ് ഗിരിജ.