മനാമ: സന്ദര്‍ശക വിസയില്‍ ജോലി തേടി വന്ന മലയാളി സംഘം മാസങ്ങളായി ദുരിതത്തില്‍ കഴിയുന്നു. ബഹ്റൈനില്‍ ജോലി ലഭിക്കുമെന്ന് മോഹിപ്പിച്ച് കാസര്‍കോട്ടുള്ള ഏജന്‍സി മുഖേനയാണ് ഇവരെ ഇവിടെ എത്തിച്ചത്.
എന്നാല്‍, ജോലിയൊന്നും ലഭിക്കാതെ അഞ്ചു മാസത്തോളമായി സെഹ്ലയിലെ ഫ്ലാറ്റില്‍ കഴിയുകയാണ് ഇവര്‍.
പാലക്കാട്, കൊല്ലം, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള പത്തുപേരാണ് സംഘത്തിലുള്ളത്. നേരത്തേ 25 പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ വിവിധ സമയങ്ങളിലായി നാട്ടിലേക്ക് തിരിച്ചുപോയി. സേഫ്റ്റി ഓഫിസര്‍, ഡ്രൈവര്‍, ക്രെയിന്‍ ഓപറേറ്റര്‍ തുടങ്ങിയ ജോലികളാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്. ക്രെയിന്‍ ഓപറേറ്റര്‍ക്ക് 50,000 രൂപയും സേഫ്റ്റി ഓഫിസര്‍ക്ക് 600 ദീനാറുമാണ് (ഏകദേശം 1.2 ലക്ഷം രൂപ) ശമ്ബളം പറഞ്ഞിരുന്നത്. ബഹ്റൈനിലെത്തി ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ജോലി ശരിയാക്കുമെന്നും താമസവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ ചെലവുകളും തങ്ങള്‍തന്നെ വഹിക്കുമെന്നും വാഗ്ദാനം നല്‍കി. വിസക്കുവേണ്ടി ഒന്നര ലക്ഷം മുതല്‍ 2.20 ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്.
വാട്സ്ആപ്പില്‍ വന്ന പരസ്യം കണ്ടാണ് ഇവര്‍ കാസര്‍കോട്ടുള്ള ഏജന്‍സിയെ ബന്ധപ്പെട്ടത്. അവര്‍ മുഖേന ബഹ്റൈനിലെ ഏജന്റ് ഓണ്‍ലൈനില്‍ അഭിമുഖം നടത്തിയാണ് ജോലി വാഗ്ദാനം നല്‍കിയത്. ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ഏജന്‍റിന്റെ സംസാരമെന്ന് ഇരകളായവര്‍ പറയുന്നു. ബഹ്റൈനിലെത്തി മാസങ്ങളായിട്ടും ജോലി ലഭിക്കാതെ നിരാശരായ ഇവര്‍ ഏജന്‍റിനെ ബന്ധപ്പെട്ടപ്പോള്‍ താമസത്തിനും ഭക്ഷണത്തിനും ടിക്കറ്റിനും വിസക്കും ചെലവായത് കഴിച്ചുള്ള തുകയേ തിരിച്ചുനല്‍കൂവെന്നാണ് പറയുന്നത്. സാമൂഹിക പ്രവര്‍ത്തകര്‍ മുഖേന രണ്ടുമാസം മുമ്ബ് ഇന്ത്യന്‍ എംബസി ഓപണ്‍ ഫോറത്തിലും ഇവര്‍ വിഷയം അവതരിപ്പിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ഫ്ലാറ്റിലെ ഒരു മുറിയില്‍ എട്ടുപേര്‍ തിങ്ങിഞെരുങ്ങിയാണ് കഴിയുന്നത്. ഇത്രയധികം പേര്‍ ഒരു മുറിയില്‍ താമസിക്കുന്നത് കണ്ട് കഴിഞ്ഞ ദിവസം ഫ്ലാറ്റുടമ വന്ന് ശകാരിക്കുകയും എത്രയും പെട്ടെന്ന് ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫ്ലാറ്റ് ഒഴിയേണ്ടിവന്നാല്‍ എവിടെ താമസിക്കും എന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. തുടക്കത്തില്‍ ഏതെങ്കിലുമൊക്കെ സമയത്താണ് ഏജന്‍റിന്റെ ആളുകള്‍ ഭക്ഷണം നല്‍കിയിരുന്നത്. ഇപ്പോള്‍ ഭക്ഷണമുണ്ടാക്കാനുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങിനല്‍കിയിട്ടുണ്ട്. അതുപയോഗിച്ച് സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ഇവിടെ കഴിയുന്നവര്‍ നാട്ടിലേക്ക് തിരിച്ചുപോയി കാസര്‍കോട്ടെ ഏജന്‍റില്‍നിന്ന് പണം തിരിച്ചുചോദിക്കട്ടെ എന്നാണ് ബഹ്റൈനിലെ ഏജന്‍റിനെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്. തങ്ങള്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനാണ് ഇവരെ കൊണ്ടുവന്നതെന്നും എന്നാല്‍, സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വൈകിയതുകാരണം ജോലി നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.
ഏജന്‍റുമാരുടെ മോഹനവാഗ്ദാനങ്ങള്‍ കേട്ട് സന്ദര്‍ശക വിസയില്‍ വന്ന് കുടുങ്ങുന്ന സംഭവങ്ങള്‍ ദിനംപ്രതിയെന്നോണം ആവര്‍ത്തിക്കുകയാണ്. സന്ദര്‍ശക വിസയില്‍ വന്ന് ജോലി ലഭിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അത്ര എളുപ്പമല്ല. അതിനാല്‍, എടുത്തുചാടി പുറപ്പെടാതിരിക്കുക എന്നതാണ് ഇവിടത്തെ സാമൂഹിക പ്രവര്‍ത്തകര്‍ തൊഴിലന്വേഷകര്‍ക്ക് നല്‍കുന്ന ഉപദേശം