ബൈക്ക് യാത്രികനെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്ന സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു, അഞ്ചംഗ സംഘമാണെന്ന് സൂചന

 മേല്‍പ്പറമ്ബ്: ബൈക്ക് യാത്രക്കാരനെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.


ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, മേല്‍പ്പറമ്ബ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ വി.കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. പടന്ന സ്വദേശിയും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ മജീദിനെ(52)യാണ് ഇന്നലെ രാവിലെ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ചളിയങ്കോട് പാലത്തിന് സമീപത്തുനിന്ന് തട്ടിക്കൊണ്ട് പോയത്. കാസര്‍കോട്ട് നിന്ന് മജീദ് ബൈക്കില്‍ ചെറുവത്തൂര്‍ ഭാഗത്തേക്ക് പോകുമ്ബോഴാണ് ഇതേ ഭാഗത്തേക്ക് കാറില്‍ പോവുകയായിരുന്ന സംഘം തട്ടിക്കൊണ്ടുപോയത്.


കാര്‍ കുറുകെയിട്ട് ബൈക്ക് തടയുകയും മജീദിനെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട മറ്റ് വാഹനയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മേല്‍പ്പറമ്ബ് എസ്.ഐ വി.കെ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി സംഭവസ്ഥലത്തുനിന്ന് മജീദ് ഓടിച്ചിരുന്ന ബൈക്ക് കണ്ടെത്തുകയായിരുന്നു. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്ബറിന്റെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് സംഘം തട്ടിക്കൊണ്ടുപോയത് മജീദിനെയാണെന്ന് വ്യക്തമായത്.


പിന്നീട് ഉച്ചക്ക് രണ്ടുമണിയോടെ പൊലീസ് അടുക്കത്ത്ബയലിലേക്ക് വന്നപ്പോഴേക്കും മജീദ് വീട്ടിലെത്തിയിരുന്നു. തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും അതിന് ശേഷം വെള്ളിക്കോത്തെ വിജനമായ പ്രദേശത്ത് ഇറക്കിവിട്ടുവെന്നുമാണ് മജീദ് പൊലീസിനോട് വെളിപ്പെടുത്തിയത്. വാഹനത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ മലയാളമാണ് സംസാരിച്ചതെന്നും മജീദ് മൊഴി നല്‍കി. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും തട്ടിക്കൊണ്ടുപോയതല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നും മജീദ് വ്യക്തമാക്കി.


അതേ സമയം പണം നഷ്ടപ്പെട്ടയാള്‍ പൊലീസില്‍ രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ല. സ്വമേധയാ കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. കുഴല്‍പ്പണ ഇടപാടാണ് ഇതിന് പിന്നിലെന്ന സംശയം പൊലീസിനുണ്ട്. കാസര്‍കോട് നിന്ന് തന്നെ സംഘം ബൈക്കിനെ പിന്തുടര്‍ന്നിരുന്നുവെന്നും ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്ബര്‍ വ്യാജമാണെന്ന് കരുതുന്നതായും പൊലീസ്


പറഞ്ഞു.

Previous Post Next Post
Kasaragod Today
Kasaragod Today