132 കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേർ കർണാടകയിൽ അറസ്റ്റിൽ


 മംഗളുരു: 132 കിലോഗ്രാം കഞ്ചാവുമായി മഞ്ചേശ്വരം, ബണ്ട്വാള്‍ സ്വദേശികള്‍ മംഗളൂരുവില്‍ പിടിയിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഖാദര്‍ ഹാരിസ് (31), ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റമീസ് എന്ന റാസ് (30) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മുന്‍കൂട്ടി ലഭിച്ച സൂചനയെത്തുടര്‍ന്ന് മംഗളൂരുവിനടുത്ത് മുടിപ്പു കയര്‍ഗോളിയില്‍ കാത്തുനിന്നാണ് സി.സി.ബി ഇന്‍സ്‌പെക്ടര്‍ മഹേഷ് പ്രസാദ്, എസ്.ഐ ബി. രാജേന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് പിടികൂടിയതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭദ്രമായി പാക്ക് ചെയ്ത് വാഹനത്തില്‍ അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബംഗളൂരു മേഖലകളിലെ വിതരണച്ചുമതല റാസിനും കേരളത്തിലേത് അബ്ദുല്‍ ഖാദറിനുമാണെന്നും കഞ്ചാവ് കടത്ത് തടഞ്ഞാല്‍ അക്രമിക്കാന്‍ കരുതിയ രണ്ട് വാളുകളും പണവും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തതായും പൊലീസ് കമീഷണര്‍ അറിയിച്ചു. റാസിന്റെ പേരില്‍ മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷനില്‍ മൂന്ന് മയക്കുമരുന്ന് കേസുകളും ഉള്ളാള്‍, മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ് കടത്ത്, വധശ്രമം എന്നിങ്ങനെ ആറ് കേസുകളുമുണ്ട്.

അബ്ദുല്‍ ഖാദറിനെതിരെ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടു വധശ്രമക്കേസും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ രണ്ടു അക്രമക്കേസുകളും ഉണ്ട്. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നാണ് ഇരുവരും കഞ്ചാവ് മംഗളൂരുവിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാരായ അന്‍ഷു കുമാര്‍, ദിനേശ് കുമാര്‍, സിസിബി ഇന്‍സ്‌പെക്ടര്‍ മഹേഷ് പ്രസാദ് എന്നിവരും സംബന്ധിച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today