ദുബായിൽ നിന്ന് ടൊയോട്ട ലാൻഡ് ക്രൂയിസർ ഇറക്കുമതി ചെയ്യാൻ ശ്രമിച്ച കേസിൽ കാസർകോട് സ്വദേശിക്ക് 20,000 രൂപ പിഴ. പതിനഞ്ച് വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോൾ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിശോധിക്കുന്ന കോടതിയുടെ വിധിയെത്തിയത്. 2004ൽ നിർമിച്ച കാർ 2000 മോഡൽ ആണെന്ന് പറഞ്ഞാണ് 2007 നവംബർ ആറിന് ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തത്. കാർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് കാസർകോഡ് സ്വദേശിയായ അബ്ദുൾ കരീം പോക്കുവിനെതിരെ ക്രിമിനൽ കേസെടുത്തത്.
കസ്റ്റംസ് തീരുവ ഒഴിവാക്കാനായി വാഹനത്തിന്റെ രേഖകളിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയിരുന്നു. 1962ലെ കസ്റ്റംസ് ആക്‌ട് സെക്ഷൻ 132, (1) (ബി) പ്രകാരമാണ് അബ്ദുൾ കരീം പോക്കുവിനെതിരെ കേസെടുത്തത്. ടൊയോട്ട മോട്ടോഴ്‌സിൽ നിന്നുള്ള സാങ്കേതിക സംഘം വാഹനത്തിന്റെ നിർമ്മാണ തീയതി അറിയാൻ പരിശോധന നടത്തിയിരുന്നു. എൻജിൻ, ഷാസി നമ്പറുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
രണ്ട് ലക്ഷം രൂപ റിഡംപ്ഷൻ ഫൈനും ഒന്നര ലക്ഷം രൂപ പിഴയും അടച്ചാൽ കസ്റ്റംസിൽ നിന്ന് അബ്ദുൾ കരീമിന് കാർ തിരികെ ലഭിക്കുമെന്ന് 2012-ൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ക്രിമിനൽ ഉദ്ദേശ്യം ആരോപിച്ച് ഇയാൾക്കെതിരായ ക്രിമിനൽ ചാർജുകൾ കസ്റ്റംസ് എഴുതിത്തള്ളിയില്ല. പിഴ അടച്ച ശേഷം വാഹനം വിട്ടു നൽകിയിരുന്നു എന്നും എന്നാൽ കസ്റ്റംസ് തീരുവ ഒഴിവാക്കാനുള്ള ക്രിമിനൽ ഉദ്ദേശ്യത്തോടെ എഞ്ചിൻ, ഷാസി നമ്പറുകളിൽ കൃത്രിമം കാണിച്ചതിനാൽ ക്രിമിനൽ കുറ്റം ചുമത്താൻ കസ്റ്റംസ് തീരുമാനിക്കുകയായിരുന്നവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സെൽമത്ത് ആർഎം ഡിസംബർ 19-നാണ് വിധി പ്രസ്താവിച്ചത്. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 132 പ്രകാരം 5,000 രൂപയും സെക്ഷന് 135 (1) (ബി) പ്രകാരം 15,000 രൂപയും പിഴയും അടക്കാനാണ് ഉത്ത
രവ്.