പുല്ലൂരില്‍ അമിതവേഗതയിലെത്തിയ കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി വയോധികന്‍ മരിച്ചു

പുല്ലൂരില്‍ അമിതവേഗതയിലെത്തിയ കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി വയോധികന്‍ മരിച്ചു. പെരിയ ഭാഗത്തേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന പുല്ലൂര്‍ മാക്കരങ്കോട്ടെ വാഴക്കോടന്‍ വീട്ടില്‍ ഗംഗാധരനാണ്(65) മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് നാല് മണിയോടെ പുല്ലൂര്‍ പാലത്തിന് സമീപത്തായിരുന്നു ദാരുണമായ അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുള്ളേരിയ സ്വദേശി ഓടിച്ചിരുന്ന വാഗണര്‍ കാറാണ് അപകടം വരുത്തിയത്. നിയന്ത്രണം വിട്ട് റോഡിന്റെ എതിര്‍ ദിശയിലേക്ക് പാഞ്ഞുകയറിയ കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഗംഗാധരനെയും കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി ഫയര്‍ ഫോഴ്സിനെയും ഹൊസ്ദുര്‍ഗ് പൊലീസിനെയും വിവരം അറിയിച്ച് ഗംഗാധരനെ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പെരിയ ഭാഗത്തേക്ക് പോകാനാണ് ഗംഗാധരന്‍ ബസ് കാത്ത് നിന്നിരുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today