കാസര്‍ഗോഡ്: കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ എന്നു കൊട്ടിഘോഷിച്ച് നടത്തിയ ബേക്കല്‍ ഫെസ്റ്റിന്‍റെ കണക്കില്‍ സര്‍വത്ര അവ്യക്തത. ഇതോടെ സി.എച്ച്. കുഞ്ഞമ്ബു എംഎല്‍എ മുന്‍കൈയെടുത്ത് നടത്തിയ പരിപാടിയില്‍ വലിയതോതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമായി.
ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ പള്ളിക്കര ബീച്ചില്‍ നടന്ന പരിപാടി വന്‍വിജയമായിരുന്നെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. പരിപാടി തുടങ്ങുന്നതിന് മുമ്ബുതന്നെ കുടുംബശ്രീ വഴി രണ്ടരലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സംഘാടകസമിതി ചെയര്‍മാന്‍ സി.എച്ച്. കുഞ്ഞമ്ബു എംഎല്‍എ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. സമാപനച്ചടങ്ങില്‍ പത്തു ലക്ഷം പേര്‍ ഫെസ്റ്റിനെത്തിയെന്നാണ് പറഞ്ഞത്. എന്നാല്‍ ആകെ നാലു ലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അപ്പോള്‍ ബാക്കിയുള്ള ആറുലക്ഷം പേരും ടിക്കറ്റ് എടുക്കാതെയാണോ പരിപാടിയില്‍ പങ്കെടുത്തതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ചിത്താരി കടപ്പുറം, റെയില്‍വേ ഗേറ്റ്, ഐസ് പ്ലാന്‍റ് എന്നിവിടങ്ങളിലൂടെ നിരവധിപേര്‍ ടിക്കറ്റെടുക്കാതെ കയറിയെന്ന് സംഘാടകര്‍ പറയുന്നെങ്കിലും ഇത്രയധികം ആള്‍ക്കാര്‍ ഈ വഴി ഉപയോഗിച്ചെന്ന് പറയുന്നത് പ്രായോഗികബുദ്ധിക്ക് നിരക്കുന്നതല്ല. പ്രവേശനകവാടത്തില്‍ കൃത്യമായ പരിശോധനയുണ്ടായിരുന്നില്ലെന്ന സംഘാടകരുടെ വാദവും കളവാണ്. ഓരോരുത്തരുടെയും ടിക്കറ്റ് കൃത്യമായി പരിശോധിച്ചാണ് കടത്തിവിട്ടിരുന്നത്. അതേസമയം വ്യാജ ടിക്കറ്റുകള്‍ അടിച്ചിറക്കിയെന്ന ആരോപണവും ശക്തമാണ്.
പാര്‍ട്ടി ബാങ്കിന് ടെന്‍ഡറില്ലാതെ കരാര്‍
പാര്‍ക്കിംഗ് ഫീസ് പിരിക്കാനുള്ള കരാര്‍ സിപിഎം നിയന്ത്രണത്തിലുള്ള പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന് ടെന്‍ഡര്‍ പോലും വിളിക്കാതെ നല്‍കിയ സംഭവവും വിവാദമായിട്ടുണ്ട്. 12 കേന്ദ്രങ്ങളിലായി 20 ഏക്കര്‍ സ്ഥലം പാര്‍ക്കിംഗിനായി ഒരുക്കുമെന്നാണ് അറിയിച്ചത്. കാറിന് 40 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 20 രൂപയുമാണ് ഫീസായി ഈടാക്കിയത്. പലപ്പോഴും പാര്‍ക്കിംഗ് ഏരിയ നിറഞ്ഞുകവിഞ്ഞിരുന്നതിനാല്‍ ആളുകള്‍ റോഡരികിലാണ് വാഹനം നിര്‍ത്തിയിട്ടത്.
ഫെസ്റ്റിന് ജിഎസ്ടി കുരുക്കും
ജിഎസ്ടി രജിസ്‌ട്രേഷനില്ലാതെ ഫെസ്റ്റ് നടത്തിയതും സംഘാടകര്‍ക്ക് കുരുക്കായിരിക്കുകയാണ്. 20 ലക്ഷത്തിലധികം വരുമാനമുള്ള പരിപാടികള്‍ നടത്തുമ്ബോള്‍ ജിഎസ്ടി നല്‍കണമെന്നത് നിര്‍ബന്ധമാണ്. 18 ശതമാനമാണ് നികുതി നല്‍കേണ്ടത്. ടിക്കറ്റ് വില്‍പനയിലൂടെ രണ്ടു കോടി രൂപ വരുമാനം ലഭിച്ചെന്നാണ് സംഘാടകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 36 ലക്ഷം രൂപ ജിഎസ്ടി നല്‍കണം. കൂടാതെ കുടുംബശ്രീക്ക് 20 ലക്ഷം രൂപ ടിക്കറ്റ് വില്‍പനയുടെ കമ്മീഷനും നല്‍കാനുണ്ട്. അങ്ങനെയെങ്കില്‍ പരിപാടി നഷ്ടത്തിലായിരിക്കും കലാശിക്കുക. ഈ മാസം അവസാനത്തോടെ വരവുചെലവ് കണക്ക് അവതരിപ്പിക്കുമെന്നാണ് സംഘാടകസമിതി അറിയിച്ചത്.
പള്ളിക്കര പഞ്ചായത്തും ഉടക്കില്‍
ബേക്കല്‍ ഫെസ്റ്റ് നടത്തിപ്പില്‍ സിപിഎം ഭരിക്കുന്ന പള്ളിക്കര പഞ്ചായത്തും അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. തങ്ങളുടെ പഞ്ചായത്തില്‍ നടന്ന ഫെസ്റ്റിന്‍റെ ലാഭവിഹിതത്തിന്‍റെ 25 ശതമാനം പഞ്ചായത്തിന് ലഭിക്കണമെന്ന് ഭരണസമിതിയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അവര്‍ സര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തു. ഫെസ്റ്റ് നടത്താനുള്ള അടിസ്ഥാനസൗകര്യം ഒരുക്കി നല്‍കിയത് പഞ്ചായത്താണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപ നല്‍കി.
അഞ്ചു മൈതാനികള്‍ ഒരുക്കി. സിഡിഎസ്, ഹരിതകര്‍മസേന എന്നിവയുടെ സേവനങ്ങള്‍ വിട്ടുനല്‍കി. നടത്തിപ്പില്‍ പങ്കാളികളായ പള്ളിക്കര സഹകരണ ബാങ്കിനും കുടുംബശ്രീക്കും ഇവന്‍റ് മാനേജ്‌മെന്‍റ് കമ്ബനിക്കും നേട്ടമുണ്ടായപ്പോള്‍ തങ്ങള്‍ അവഗണിക്കപ്പെട്ടെന്നും തനത് ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപ തങ്ങള്‍ക്ക് നഷ്ടപ്പെടുകയാണുണ്ടായതെന്നും പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.