കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു.
പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസില്‍ വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. 2017 മാര്‍ച്ച് 21ന് അര്‍ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു(26), കേളുഗുഡ്ഡെയിലെ നിധിന്‍(25), കേളുഗുഡ്ഡെയിലെ അഖിലേഷ്(30) എന്നിവരാണ് വിചാരണ നേരിട്ടത്. റിയാസ് മൗലവി വധക്കേസില്‍ വിചാരണ നേരത്തെ പൂര്‍ത്തിയായി അന്തിമവാദം ആരംഭിച്ചിരുന്നുവെങ്കിലും സുബൈദ വധക്കേസില്‍ വിധി പറയുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സാവകാശം വേണ്ടിവന്നതിനാല്‍ പല തവണ മാറ്റിവെക്കേണ്ടിവന്നു. ഇനി വേഗത്തില്‍ ഈ കേസിലെ അന്തിമവാദം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. കാസര്‍കോട് ടൗണ്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തതെങ്കിലും അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കൂടുതല്‍ അന്വേഷണം നടത്തി കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ 2017 ജൂണ്‍മാസം കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് വിചാരണക്കായി കേസ് ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. കൊലപാതകം, വര്‍ഗീയകലാപശ്രമം, അതിക്രമിച്ചുകടക്കല്‍, അക്രമിക്കാനായി സംഘം ചേരല്‍, കുറ്റം മറച്ചുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്
.