മഞ്ചേശ്വരം: മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെയിലെ ശിഹാബിനെ(33)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബേക്കലില്‍ നിന്നാണ് ശിഹാബിനെ പിടികൂടിയത്. കേസിലെ ഏഴാംപ്രതിയാണ് ശിഹാബെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപ്രതികള്‍ അറസ്റ്റിലായി. കൊലയാളികളെ സഹായിച്ച എട്ടുപേരെയും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കൊല നടത്തിയവരെ ഒളിവില്‍ പാര്‍പ്പിക്കുകയും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനം സംഘടിപ്പിച്ച് നല്‍കുകയും ഗള്‍ഫിലേക്ക് കടക്കാന്‍ സഹായിക്കുകയും ചെയ്തവരാണ് അറസ്റ്റിലായിരുന്നത്. കേസില്‍ മൊത്തം 16 പ്രതികളാണുള്ളത്. ബാക്കിയുള്ള പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നമുറക്കാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കേസിലെ മുഖ്യപ്രതിയായ ഉപ്പള ബായാറിലെ ജെ. അഫ്സാനെ(26) മൂന്നുമാസം മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ റിമാണ്ടില്‍ കഴിയുന്ന അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ഈയിടെ ജാമ്യം അനുവദിച്ചിരുന്നു. മഞ്ചേശ്വരം ഉദ്യാവറിലെ റിയാസ് ഹസന്‍, ഉപ്പള ഭഗവതി ടെമ്പിള്‍ റോഡിലെ അബ്ദുല്‍ റസാഖ്, കുഞ്ചത്തൂരിലെ അബൂബക്കര്‍ സിദ്ധിഖ്, ഉദ്യാവറിലെ അബ്ദുല്‍ അസീസ്, അബ്ദുല്‍ റഹീം എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. 2022 ജൂണ്‍ 26ന് രാത്രിയാണ് അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ഇരുനില വീട്ടില്‍ തടങ്കലിലാക്കുകയും തുടര്‍ന്ന് ബോളംകള കുന്നില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് മൃതദേഹം വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് ആസ്പത്രിവരാന്തയില്‍ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുഴുവന്‍ പ്രതികളും അറസ്റ്റിലാകാത്തതിനാല്‍ ഈ കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
mynews
0