ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്‍ലിം പുരുഷന്മാരേക്കാള് കൂടുതല്‍ മുസ്‍ലിം സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകള്‍.
2020-21ലെ ഗവണ്‍മെന്റിന്റെ ഉന്നത വിദ്യാഭ്യാസ സര്‍വേ പ്രകാരം മുസ്‍ലിം പുരുഷന്മാരേക്കാള് കൂടുതല്‍ മുസ്‍ലിം സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നതായി കണ്ടെത്തിയതായി 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്ന 1000 മുസ്‍ലിം വിദ്യാര്‍ഥികളില്‍ 503 പേരും സ്ത്രീകളാണ്. ബിരുദ, ബിരുദാനന്തര, ഡിേപ്ലാമ കോഴ്സുകള്‍ അടക്കമുള്ള കണക്കാണിത്.
ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിക്കാന്‍ കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സമരം അരങ്ങേറിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. 2020-21ലെ കണക്കു പ്രകാരം മൊത്തം വിദ്യാര്‍ഥികളില്‍ ഉന്നതവിദ്യാഭ്യാസരംഗത്തുള്ളത് 4.6 ശതമാനം മുസ്‍ലിം വിദ്യാര്‍ഥികളാണ്. മുന്‍വര്‍ഷം ഇത് 5.5 ശതമാനം ആയിരുന്നു. സംസ്ഥാനം തിരിച്ചുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ഉന്നതവിദ്യാഭ്യാസത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുസ്‍ലിംകളില്‍ 54 ശതമാനം സ്ത്രീകളാണെന്ന് കണ്ടെത്താനാകും. ഉന്നതവിദ്യാഭ്യാസത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മുസ്‍ലിം സ്ത്രീകളുള്ള ആദ്യ ആറ് സംസ്ഥാനങ്ങളില്‍ യു.പിയാണ് ഒന്നാമത്. മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍