കാണാതായ വൈദ്യനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആദൂര്‍: കാണാതായ വൈദ്യനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാടകം ചായിത്തലത്തെ പരേതനായ ജയറാം പണ്ഡിറ്റിന്റെയും നാരായണിയുടെയും മകന്‍ മണികണ്ഠന്‍ വൈദ്യര്‍(51) ആണ് മരിച്ചത്. പരമ്പരാഗതമായി ഒറ്റമൂലി ചികിത്സ നടത്തുന്ന മണികണ്ഠന്‍ വൈദ്യരുടെ മൃതദേഹം അഴുകിയ നിലയിലാണ് ഇന്നലെ ഉച്ചയോടെ പയസ്വിനിപ്പുഴയിലെ കുണ്ടാര്‍ തൂക്കുപാലത്തിന് സമീപം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. നാലുദിവസം മുമ്പാണ് മണികണ്ഠന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരികെ വന്നില്ല. മണികണ്ഠന്‍ വീടുവിട്ടിറങ്ങിയാല്‍ അഞ്ചുദിവസമെങ്കിലും കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത്. അതുകൊണ്ട് ഇത്തവണ വീട്ടില്‍ നിന്നിറങ്ങി തിരിച്ചുവരാതിരുന്നതിനാല്‍ വീട്ടുകാര്‍ അന്വേഷണമൊന്നും നടത്തിയിരുന്നില്ല. അതിനിടെയാണ് പയസ്വിനി പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. വിവാഹിതനായിരുന്നുവെങ്കിലും ഭാര്യയെ പിന്നീട് ഉപേക്ഷിച്ചു. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശിവരാമന്‍(തെയ്യംകലാകാരന്‍), സുകുമാരന്‍ (സിവില്‍ പൊലീസ് ഓഫീസര്‍, വിദ്യാനഗര്‍), ശകുന്തള, ശശികല, പരേതനായ ജയപ്രകാശ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
Previous Post Next Post
Kasaragod Today
Kasaragod Today