മേല്പറമ്പ: കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ മേല്പറമ്പ പോലീസ് കൈയ്യോടെ പിടികൂടി കേസെടുത്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാന പാതയില്‍ വാഹന പരിശോധന നടത്തിവരവെയാണ് മേല്പറമ്പ സി ഐ ടി ഉത്തംദാസ്, എസ്‌ഐ കെ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടു കൂടി ബാറ്ററി മോഷ്ടാക്കളെ കൈയ്യോടെ പിടികൂടിയത്
പോലീസ് സംഘം വാഹന പരിശോധന നടത്തുന്നത് കണ്ട് നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന പോലീസ് സംഘം ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്ത് പിടികൂടി പരിശോധിക്കുകയായിരുന്നു. പിന്‍സിറ്റില്‍ രണ്ട് വലിയ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ കാണപ്പെടുകയും ഡ്രൈവറെയും യാത്രക്കാരനെയും വിശദമായി ചോദ്യം ചെയ്തതില്‍ പ്രതികള്‍ തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ച് കടത്തി കൊണ്ട് പോകുന്ന സംഘമാണെന്ന് മനസിലാവുകയുമായിരുന്നു.
ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടി മാക്കോട് സ്വദേശി അബ്ദുള്‍ മന്‍സൂര്‍ ടി എ എന്നയാളെയും ചെമ്മനാട് ചളിയംകോട് സ്വദേശി അബ്ദുള്‍ കാദര്‍ അഫീക് എന്നയാളെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 14 എച്ച് 8430 നമ്പര്‍ ഓട്ടോറിക്ഷയും രണ്ട് വലിയ ലൂമിനസ് സോളാര്‍ ബാറ്ററികളും കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു. ബാറ്ററി മോഷ്ടാക്കളെ പിടികൂടിയ പോലീസ് സംഘത്തില്‍ മേല്പറമ്പ സിഐ ടി ഉത്തംദാസിനൊപ്പം എസ്‌ഐ കെ അനുരൂപ്, ഗ്രേഡ് എസ്‌ഐ ശശിധരന്‍ പിള്ള , സിവില്‍ പോലീസുദ്യോഗസ്ഥരായ അജിത്കുമാര്‍ ടി, പ്രദീഷ്‌കുമാര്‍ പിഎം, ഉണ്ണികൃഷ്ണന്‍ സി, വിനീഷ്, സക്കറിയ എന്നിവരും ഉണ്ടായിരുന്നു