കറന്തക്കാട് ആശുപത്രി വളപ്പിലെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കാസർകോട്: കറന്തക്കാട് ആശുപത്രി വളപ്പിലെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപകനും മട്ടന്നൂര്‍ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി പ്രദീപ് കുമാര്‍ (51) ആണ് മരിച്ചത്. കെ.പി.എസ്.ടി എ നേതാവ് കൂടിയായ പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്. ഈ മാസം 22ന് രാവിലെ 11 മുതല്‍ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് കാസര്‍കോട് അശ്വിനി നഗറിലെ മല്ല്യ സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ കെ. വി ചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. കുറച്ചുനേരം കഴിഞ്ഞതോടെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കാണാതായ പ്രദീപനാണ് മരിച്ചതെന്ന് വ്യക്തമായത്.
ഭാര്യ: രമ്യ കരിവെള്ളൂര്‍ (അധ്യാപിക). മകള്‍: ദേവനന്ദ (വിദ്യാര്‍ത്ഥിനി). പരേതനായ അമ്പു നായര്‍-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സന്തോഷ്, ഷീല, ശാന്ത.
Previous Post Next Post
Kasaragod Today
Kasaragod Today