കാസർകോട്: അടുപ്പിൽ നിന്ന് അബദ്ധത്തിൽ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിലെ കെ. രത്നാകരൻ നായരുടെ മകൾ പി. രശ്മിയാണ് (23) മരണപ്പെട്ടത്. ഈ മാസം ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 21ന് വൈകുന്നേരം മുളിയാർ ബെർക്കയിലെ അമ്മാവന്‍റെ വീട്ടിൽ വച്ചായിരുന്നു അപകടം. ഗ്യാസ് അടുപ്പിൽ നിന്ന് ചൂട് വെള്ളം എടുത്തശേഷം തിരിയുമ്പോൾ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.ദേഹത്ത് ഗുരുതരമായി പരിക്കേറ്റ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ശേഷം കാസർകോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടയാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്. ആദൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.പൊയിനാച്ചി ടൗണിലെ സ്വകാര്യ ഓൺലൈൻ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു രശ്മി. ചട്ടഞ്ചാലിലെ ത്രയം നൃത്ത വിദ്യാലയത്തിലെ വിദ്യാർഥി ആയിരുന്നു. വിവിധ നൃത്ത പരിപാടികളിൽ മികവ് തെളിയിച്ചിരുന്നു. പുഷ്പലതയാണ് മാതാവ്. കോളജ് വിദ്യാർഥിനി രഞ്ജിത സഹോദരിയാണ്.
രശ്മിയെ മരണം തട്ടിയെടുത്തത് വിവാഹത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ
mynews
0