അയ്യപ്പഭക്തര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് രണ്ട് സ്‌കൂട്ടറുകളിലിടിച്ചു, ഒരാള്‍ മരിച്ചു

ബന്തടുക്ക: ശബരിമലയില്‍ പോയി മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് രണ്ട് സ്‌കൂട്ടറുകളിലിടിച്ചു. ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. മറ്റൊരാളെ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.45ഓടെ ബന്തടുക്ക മാണിമൂലയിലാണ് അപകടം. പാലാറിലെ ശിവരാമ ഗൗഡ(56)യാണ് മരിച്ചത്. പരിക്കേറ്റ ബന്തടുക്കയിലെ ബാലകൃഷ്ണന്റെ മകന്‍ ജയേഷി(23)നെയാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ജയേഷ് സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചതിനുശേഷമാണ് ശിവരാമ ഗൗഡയുടെ സ്‌കൂട്ടറിലിടിച്ചത്. ശിവരാമ സ്‌കൂട്ടര്‍ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട് ജയേഷിനോട് സംസാരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. നേരത്തെ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായിരുന്നു ശിവരാമ ഗൗഡ. കെ.എസ്.ഇ.ബി കുറ്റിക്കോല്‍ സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. പരേതരായ ബെള്ളിയപ്പ ഗൗഡയുടെയും പാര്‍വതിയുടെയും മകനാണ്. ഭാര്യ: ഗുണവതി. മക്കള്‍: സച്ചിന്‍, സരിത (അധ്യാപിക), ശരത്. മരുമക്കള്‍: രമേശ്, റാണി, ധന്യ. സഹോദരങ്ങള്‍: സുന്ദര ഗൗഡ, ലക്ഷ്മണ ഗൗഡ, പരേതനായ വിശ്വനാഥന്‍
Previous Post Next Post
Kasaragod Today
Kasaragod Today

Artic