ബദിയടുക്ക: നെല്ലിക്കട്ടയില്‍ ഇരുനില വീടും മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച. നെല്ലിക്കട്ടയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലും സനാഫിന്റെ മലഞ്ചരക്ക് കടയിലുമാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍വശത്തുള്ള ഇരുമ്പ് ഗ്രില്ലിന്റെ പൂട്ടുപൊളിച്ച ശേഷം മരത്തിന്റെ വാതില്‍ കുത്തിതുറന്ന് അകത്തുകയറി അലമാരയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. മുജീബ് റഹ്‌മാനും ഭാര്യയും മക്കളും തളങ്കരയിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ ഇവര്‍ തിരിച്ചുവരുമ്പോള്‍ രണ്ടുപേര്‍ രണ്ട് ബൈക്കുകളിലായി അമിതവേഗതയില്‍ പോകുന്നത് കുടുംബത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. സംശയം തോന്നിയ കുടുംബം വേഗം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പണം കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. വീട്ടിനകത്തുണ്ടായിരുന്ന പൊറോട്ടയും ചിക്കനും കഴിച്ച ശേഷമാണ് പണവുമായി മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. ഇതേ ദിവസം തന്നെ നെല്ലിക്കട്ടയിലെ സനാഫിന്റെ മലഞ്ചരക്ക് കടയില്‍ നിന്ന് കുരുമുളകും അടക്കയും മോഷണം പോയി. ഇതിന് രണ്ട് ലക്ഷത്തോളം രൂപ വില വരും. രണ്ട് മോഷണസംഭവങ്ങളിലും ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീട്ടുകാർപുറത്തുപോയ സമയം വീട്ടിൽ കവർച്ച; പണം നഷ്ടമായി
mynews
0