ബേക്കൽ: കാറിൽ കടത്തുകയായിരുന്ന 75 ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേരെ ബേക്കൽ പോലീസ് പിടികൂടി. കാസറഗോഡ് ചട്ടഞ്ചാൽ തെക്കീൽപുത്തരിയടുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം തൈര റോഡിലെ എം.എ.അബൂബക്കർ (35),
ഭാര്യ ആമിന അസ്ര(32), ബാംഗ്ലൂർ കല്യാണ നഗർ ഹെന്നൂർ അഞ്ചാം ബ്ലോക്കിലെ കലീമിൻ്റെ മകൻ എ.കെ. വസീം (32), ബാംഗ്ലൂർ ഹൊരമവരു പ്രകൃതിഅഞ്ചാം തെരുവ് സ്വദേശി സുരേഷ് ബാബുവിൻ്റെ മകൻ പി.എസ്.സൂരജ് (31) എന്നിവരെയാണ് ബേക്കൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ എസ്.ഐ. പി.കെ.പ്രദീപും സംഘവും അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച വൈകുന്നേരം വാഹനപരിശോധനക്കിടെ ഉദുമ പള്ളം റോഡിന് സമീപം വെച്ചാണ് മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി പ്രതികൾ പിടിയിലായത്.ബാംഗ്ലൂരിൽ നിന്ന് വിൽപനക്കായി കൊണ്ടുവരികയായിരുന്ന 150.340 ഗ്രാം എം.ഡി.എം.എ.പോലീസ് കാറിൽ നിന്നും പിടിച്ചെടുത്തു. കാസറഗോഡ് ജില്ലയിൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പോലീസ് പിടിയിലായത്.പ്രതികൾ സഞ്ചരിച്ച കെ .എ.03.എം.സെഡ്.2866 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.