വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി

ന്യൂദല്‍ഹി: കേരളത്തിനുവദിച്ച വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി. തിരുവന്തപുരം- കണ്ണൂര്‍ റൂട്ടാണ് ആദ്യം പറഞ്ഞിരുന്നത്.


കാസര്‍കോട് വരെ നീട്ടിയ കാര്യം റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവന്തപുരത്ത് വന്ദേഭാരത് ഫ് ളാഗ് ഓഫ് ചെയ്യും

70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും കേരളത്തിലെ വിവിധ മേഖലകളില്‍ വന്ദേഭാരതിന്‍റെ നിലവിലെ വേഗതയെന്നും അശ്വനി വൈഷ്ണവ് വിവരിച്ചു. ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും അശ്വനി വൈഷ്ണവിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

50 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ 238 രൂപയാണ് മറ്റു ഫീസുകള്‍ കൂടാതെ വന്ദേഭാരത് എസി ചെയര്‍കാറിലെ നിരക്കായി റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത് (സ്റ്റാന്‍ഡേര്‍ഡ് നിരക്കുകള്‍). എക്‌സിക്യൂട്ടിവ് ക്ലാസില്‍ ഈ ദൂരം സഞ്ചരിക്കാന്‍ മറ്റു ഫീസുകള്‍ കൂടാതെ 499 രൂപ നല്‍കണം. കേരളത്തിലെ നിരക്കുകള്‍ വ്യക്തമാക്കി റെയില്‍വേ വിജ്ഞാപനം ഇറക്കിയിട്ടില്ല. നിലവിലെ നിരക്കുകളില്‍ വലിയ വ്യത്യാസം വരാനിടയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

കൊല്ലംവരെ ട്രെയിനില്‍ സഞ്ചരിക്കാനുള്ള ദൂരം 64 കിലോമീറ്ററാണ്. 65 കിലോമീറ്റര്‍ ദൂരം വന്ദേഭാരതില്‍ സഞ്ചരിക്കാന്‍ നിലവിലെ നിരക്ക് അനുസരിച്ച്‌ 290 രൂപ നല്‍കണം. എക്‌സിക്യൂട്ടിവ് ക്ലാസില്‍ 608 രൂപയും. കോട്ടയംവരെ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസി ചെയര്‍കാറില്‍ 392 രൂപ നല്‍കേണ്ടിവരും. എക്‌സിക്യൂട്ടിവ് ക്ലാസില്‍ 824 രൂപയും. എറണാകുളംവരെ 220 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസി ചെയര്‍കാറില്‍ 484 രൂപ നല്‍കേണ്ടിവരും. എക്‌സിക്യൂട്ടിവ് ക്ലാസില്‍ 1021 രൂപയും. കോഴിക്കോടുവരെ 412 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസി ചെയര്‍കാറില്‍ 777 രൂപയും എക്‌സിക്യൂട്ടിവ് ക്ലാസില്‍ 1621 രൂപയും നല്‍കണം. കണ്ണൂര്‍വരെയുള്ള 501 കിലോമീറ്റര്‍ദൂരം സഞ്ചരിക്കാന്‍ എസി ചെയര്‍കാറില്‍ 935രൂപയും എക്‌സിക്യൂട്ടിവ് ക്ലാസില്‍ 1958 രൂപയും നല്‍കണം.

എംപിമാരുടെ പാസ്, എംഎല്‍എ കൂപ്പണ്‍, മറ്റു കൂപ്പണുകള്‍, മിലിട്ടറി-പാരാമിലിട്ടറി വാറന്റുകള്‍ തുടങ്ങി റെയില്‍വേയ്ക്ക് പണം തിരികെ ലഭിക്കുന്ന പാസുകള്‍ അനുവദിക്കും. ബുക്കിങ്, ക്യാന്‍സലേഷന്‍, റീഫണ്ട് എന്നിവയ്ക്ക് ശതാബ്ദി ട്രെയിനുകളുടെ മാനദണ്ഡമാണ് ബാധകം. റെയില്‍വേ ജീവനക്കാരുടെ പാസുകള്‍ ട്രെയിനില്‍ ഉപയോഗിക്കാന്‍ കഴിയില്ല. നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനമെടുക്കണം.
Previous Post Next Post
Kasaragod Today
Kasaragod Today