തുടർച്ചയായ വിജയം എൻ എ ഹാരിസ് മന്ത്രിയായേക്കും

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്വദേശിയായ എന്‍.എ ഹാരിസിന് നാലാം അങ്കത്തിലും വിജയം. കാസര്‍കോടുമായി വലിയ ബന്ധമുള്ള മുന്‍മന്ത്രി കൂടിയായ യു.ടി ഖാദറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു മലയാളി കെ.ജെ ജോര്‍ജും വിജയിച്ചിട്ടുണ്ട്. മൂന്ന് പേരും കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചതോടെ എന്‍.എ ഹാരിസും യു.ടി ഖാദറും മന്ത്രിയായേക്കുമെന്നും സൂചനകളുണ്ട്. നേരത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു യു.ടി ഖാദര്‍. അന്ന് എന്‍.എ ഹാരിസിനേയും മന്ത്രിപദത്തിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. എന്നാല്‍ നാലാംതവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാരിസ് ഇത്തവണ മന്ത്രിസഭയില്‍ ഉറപ്പാണെന്നാണ് ബംഗളൂരുവില്‍ നിന്ന് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ കീഴൂരിലെ ഡോ. എന്‍.എ മുഹമ്മദിന്റെ മകനാണ്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് കൂടിയാണ്. എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. കെ.ജെ ജോര്‍ജും നേരത്തെ കര്‍ണാടകയില്‍ മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്.
ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച എന്‍.എ ഹാരിസ് 7721 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. യു.ടി ഖാദര്‍ മംഗളൂരു റൂറല്‍ മണ്ഡലത്തില്‍ 15928 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രണ്ട് തവണ ഉള്ളാളിനെ പ്രതിനിധീകരിച്ച യു.ടി ഖാദര്‍ കഴിഞ്ഞ തവണ മംഗളൂരു റൂറലില്‍ നിന്നാണ് മത്സരിച്ചത്. കഴിഞ്ഞ തവണ ദക്ഷിണ കന്നഡയിലെ മറ്റു മണ്ഡലങ്ങളെല്ലാം ബി.ജെ.പി തൂത്തുവാരിയപ്പോള്‍ യു.ടി ഖാദര്‍ മാത്രമാണ് ആശ്വാസ വിജയം നേടിയത്.
Previous Post Next Post
Kasaragod Today
Kasaragod Today