പയ്യന്നൂർ.മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച് കടന്നുകളഞ്ഞ ബൈക്ക് രാമന്തളി സെൻട്രലിൽ ഉപേക്ഷിച്ച നിലയിൽ മേൽപറമ്പ് പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മേൽപറമ്പ് എസ്.ഐ.പ്രദീഷും സംഘവുമാണ് ഇന്നലെ ഉച്ചക്ക് രാമന്തളി യിലെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തത്.ഇക്കഴിഞ്ഞ 17 ന് ചട്ടഞ്ചാൽ ബണ്ടിച്ചാൽ സ്വദേശി സന്തോഷിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.14. യു. 1679 നമ്പർ ബൈക്ക് കളനാട് മണ്ഡലപ്പാറയിൽ നിർത്തിയിട്ട സ്ഥലത്ത് നിന്നുമാണ് മോഷ്ടാക്കൾമോഷ്ടിച്ചു കടന്നു കളഞ്ഞത്.പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് രണ്ടംഗ സംഘം ബൈക്കുമായി അമിത വേഗതയിൽ പോകുന്ന ദൃശ്യം ലഭിച്ചത്.പിന്നീട് അന്വേഷണം തുടർന്ന പോലീസ് സംഘം ബൈക്ക് രാമന്തളി സെൻട്രലിലെ കാർത്തിക ഫർണിച്ചർ കടക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബൈക്കിലെ ഇന്ധനം തീർന്നതോടെ മോഷ്ടാക്കൾ സമീപത്ത് നിർത്തിയിട്ട സ് കൂട്ടിയുമായി കടന്നു കളയുകയായിരുന്നു. സ്കൂട്ടിയിൽ നിന്ന് താക്കോൽ എടുക്കാതെ പോയ ഉടമ രാമന്തളി സെൻട്രലിലെ
കുതിരുമ്മൽ വൈശാഖിൻ്റെ (23) ഉടമസ്ഥതയിലുള്ള കെ. എൽ.59.ടി .89 നമ്പർ സ്കൂട്ടിയുമായാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത്.പരാതിയിൽ കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. മോഷണത്തിന് പിന്നിൽ ലഹരി കടത്തു സംഘമാണെന്നാണ് സൂചന. അതേ സമയം സംഭവ ദിവസം മേൽപറമ്പ്, ബേക്കൽ സ്റ്റേഷൻ പരിധിയിൽ ബൈക്കിലെത്തിയ സംഘം സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവവും ഉണ്ടായിരുന്നു.