ബംഗളൂരു: ബംഗളൂരുവില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു പാര്‍വതിപുരയില്‍ താമസിക്കുന്ന മില്ലേനിയം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സാറ(16)യാണ് ജീവനൊടുക്കിയത്. രണ്ട് അധ്യാപകരുടെ പീഡനമാണ് സാറയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി വിഷാദത്തിലായിരുന്നു. പെണ്‍കുട്ടി ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയി. മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ വന്നപ്പോള്‍ രക്ഷിതാക്കള്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നഴ്‌സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നളിന, ഖമര്‍ താജ് എന്നീ രണ്ട് അധ്യാപകരുടെ പീഡനമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് കാരണമെന്നും രണ്ട് അധ്യാപകരും പെണ്‍കുട്ടിയെ നിസാര കാരണങ്ങളാല്‍ ശകാരിക്കുകയും പലപ്പോഴും അപമാനിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സാറയെ രണ്ട് അധ്യാപകരും പ്രത്യേക മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും തിരികെ വരുമ്പോള്‍ പെണ്‍കുട്ടി കരയുന്നത് കണ്ടുവെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് വെളിപ്പെടുത്തി. അധ്യാപകന്‍ ഖമര്‍ താജിന്റെ മകന്‍ ഹാമിന്‍ സാറയെ ശല്യപ്പെടുത്തിയതായും പരാതിയുണ്ട്.
പ്രണയാഭ്യര്‍ത്ഥനയുമായി ഹാമിന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ സാറ ഇത് നിരസിച്ചു. ഇതിന്റെ പേരില്‍ ഖമര്‍ താജ് സാറയോട് വിരോധം പ്രകടിപ്പിച്ചിരുന്നു.