കുമ്പള: മഴ ശക്തിപ്പെട്ടതോടെ കവര്‍ച്ചാ സംഘം പൊലീസിന്റെയും നാട്ടുകാരുടേയും ഉറക്കം കെടുത്തുന്നു. ബംബ്രാണയില്‍ പൂട്ടിക്കിടന്ന ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 2000 രൂപ കവര്‍ന്നു. ചേവാര്‍ കുണ്ടങ്കറടുക്കയിലെ അബ്ദുല്‍ റഹ്‌മാന്റെ വീടിന്റെ മുന്‍ വശത്തെ വാതില്‍ അടര്‍ത്തി നീക്കി അകത്ത് കടന്ന് 15,000 രൂപ കവര്‍ന്നു. ബംബ്രാണ ദിഡ്മ്മയിലെ മാന്യകല്ല് യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. യൂസഫിന്റെ കുടുംബം വീട് പൂട്ടി സമീപത്തെ ഉമ്മയുടെ വീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ യൂസഫിന്റെ ഭാര്യ നിസയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിസയെത്തി പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് 2000 രൂപ മോഷ്ടിച്ചതായി അറിയുന്നത്. അബ്ദുല്‍ റഹ്‌മാനും കുടുംബവും വീട് പൂട്ടി പുറത്തുപോയ നേരത്തായിരുന്നു കവര്‍ച്ച. അടച്ചുറപ്പില്ലാത്ത മുന്‍ വശത്തെ വാതില്‍ അടര്‍ത്തി നീക്കി അകത്ത് കയറിയയാണ് മേശ വലിപ്പില്‍ സൂക്ഷിച്ച 15,000 രൂപ കവര്‍ന്നത്.
ബംബ്രാണ യൂസഫിന്റെ വീട്ടില്‍ കുമ്പള പൊലീസ് എത്തി പരിശോധന നടത്തി. സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധനക്കെത്തും. എട്ട് മാസത്തിനിടെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെറുതും വലുതുമായ പത്തോളം കവര്‍ച്ചകളാണ് നടന്നത്.