കാണാതായ പാചക തൊഴിലാളിയെ ബന്ധുവീട്ടിലെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാണാതായ പാചക തൊഴിലാളിയെ ബന്ധുവീട്ടിലെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുക്കുക്കേ കുടുത്തടുക്ക സ്വദേശി ജനാര്‍ദ്ദന നായക്(42) ആണ് അബദ്ധത്തില്‍ കിണറില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു. ഭാര്യ മോഹിനി ബന്ധുവീട്ടില്‍ പോയ സമയത്ത് വീട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ സമീപത്തെ ബന്ധുവീട്ടില്‍ വെള്ളമെടുക്കാന്‍ പോയതായിരുന്നു. ആള്‍മറയില്ലാത്ത പഴയ കിണറായതിനാല്‍ കാല്‍വഴുതി വീണതാകാമെന്ന് സംശയിക്കുന്നു. മഴക്കാലമായതിനാല്‍ കിണറില്‍ നിറയെ വെള്ളമുണ്ടായിരുന്നു. വൈകുന്നേരം മൂന്നുമണിയോടെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. മൊബൈല്‍ ഫോണും വീട്ടിലുണ്ടായിരുന്നു. സംശയം തോന്നിയതോടെ ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. ഒടുവില്‍ ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കിണറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. ബദിയടുക്ക പോലീസും സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സ്‌കൂള്‍ വിദ്യാര്‍ഥികളായ പ്രജുല്‍, ദിയ എന്നിവര്‍ മക്കളാണ്.
Previous Post Next Post
Kasaragod Today
Kasaragod Today