കാസര്‍കോട്: ചെര്‍ക്കള സ്വദേശി റോഡപകടത്തില്‍ മരിച്ചകേസില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കോടതി ഒമ്പത് മാസം തടവും 10,000 രൂപ പിഴയും വിധിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഹനീഫ(45)ക്കാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. ചെര്‍ക്കള സ്വദേശിയായ ഇബ്രാഹിം (50) ആണ് അപകടത്തില്‍ മരണപ്പെട്ടത്.
2018 മെയ് 12ന് രാവിലെ ഏഴുമണിയോടെ ചെമ്മനാട് മുണ്ടാങ്കുളത്താണ് അപകടമുണ്ടായത്. ഇബ്രാഹിം മുണ്ടാങ്കുളത്ത് പെട്ടിക്കട നടത്തിവരികയായിരുന്നു. റോഡിന് അപ്പുറമുള്ള കടയില്‍ നിന്ന് തന്റെ പെട്ടിക്കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങി ഇബ്രാഹിം റോഡ് മുറിച്ചുകടക്കുമ്പോള്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മംഗളൂരു യൂണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ഹനീഫക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരുന്നത്. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.