തളങ്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച് 25 ദിവസമായി ദോഹയിലെ ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയായിരുന്ന കെ.എം.സി.സി നേതാവായ തളങ്കര പടിഞ്ഞാര്‍ സ്വദേശി മരണത്തിന് കീഴടങ്ങി. തളങ്കര പടിഞ്ഞാര്‍ സ്വദേശിയും ദോഹയിലെ വക്രയിലെ ട്രാവല്‍ ഏജന്‍സി ഉടമയുമായ ഹസീബ് (33) ആണ് മരണപ്പെട്ടത്. ഖത്തര്‍-കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി സെക്രട്ടറിയാണ്. ഹസീബിന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ വേണ്ടി നാടും ദോഹയിലെ കൂട്ടുകാരും ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കെ ഇന്നലെയാണ് മരണമുണ്ടായത്. തളങ്കര പടിഞ്ഞാറിലെ മാലികിന്റെയും അവ്വാബിയുടേയും മകനാണ്. 25 ദിവസം മുമ്പ് രാത്രി ഭക്ഷണം കഴിഞ്ഞ് ഛര്‍ദ്ദിക്കുകയും തൊട്ടുപിന്നാലെ ബോധരഹിതനാവുകയും ചെയ്ത ഹസീബിനെ ഉടന്‍ കൂടെയുണ്ടായിരുന്ന ഭാര്യ ജുമാനയും കൂട്ടുകാരും ചേര്‍ന്ന് ദോഹയിലെ അഹമദ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചിരിക്കുകയാണെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഇത്രയും നാള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു. ഹസീബ് ദോഹയില്‍ സാമൂഹ്യ രംഗത്ത് സജീവമായിരുന്നു. കെ.എം.സി.സിയില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തിയ ഹസീബ് എല്ലാവരുടേയും പ്രിയം നേടിയിരുന്നു. മുനിസിപ്പല്‍ കെ.എം.സി.സി സെക്രട്ടറി എന്ന നിലയില്‍ എല്ലാ പരിപാടികളിലും സജീവമായിരുന്നു. രണ്ട് മക്കളുണ്ട്-ആനിയ, ഹലീം. സഹോദരങ്ങള്‍: അബ്ദുല്ല, ഹഫീസ.
മയ്യത്ത് ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്ന് രാത്രി ഖത്തര്‍ എയര്‍വെയ്‌സില്‍ ദോഹയില്‍ നിന്ന് കൊണ്ടുവരുന്ന മയ്യത്ത് നാളെ പുലര്‍ച്ചെ 2.30ഓടെ കോഴിക്കോട് വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് രാവിലെ ഏഴ് മണിയോടെ തളങ്കര പടിഞ്ഞാറിലെ വീട്ടിലെത്തിക്കും.കെ.എം.സി.സി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്.
ഇന്നലെ തളങ്കര ബാങ്കോട് ചേര്‍ന്ന മുസ്ലിം ലീഗ് മേഖലാ കമ്മിറ്റിയോഗം ഹസീബിന്റെ നിര്യാണത്തില്‍ അനുശോചിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, വൈസ് പ്രസിഡണ്ട് എ.എം കടവത്ത്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം യഹ്‌യ തളങ്കര, എന്‍.എ നെല്ലിക്കുന്ന് എംഎല്‍.എ, ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, മുനിസിപ്പല്‍ കെ.എം.സി.സി പ്രസിഡണ്ട് കെ.എം ബഷീര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എ മഹമൂദ് ഹാജി പ്രാര്‍ത്ഥന നടത്തി.