കാസർകോട്: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ അഡീഷണൽ പി.എ മനു ടി (32) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. മനുവിന്‍റെ വിയോഗ വാർത്ത എൻ.എ നെല്ലിക്കുന്ന് എം.എൽ.എ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. തന്‍റെ അഡീഷണൽ പി.എ ആയിരുന്ന മനുവിന്‍റെ വിയോഗം താങ്ങാൻ കഴിയുന്നതിനപ്പുറം ആണെന്നാണ് നെല്ലിക്കുന്ന് ഫേസ് ബുക്കിൽ കുറിച്ചത്.
എം.എൽ.എയുടെ ഫോസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം വായിക്കാം.
10 വർഷത്തോളമായി എന്റെ അഡീഷണൽ പി.എ ആയി തുടരുന്ന മനു ടി ഓർമ്മയായി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ 32-കാരനായ ഈ ചെറുപ്പക്കാരൻ സൽസ്വഭാവിയും സൗമ്യനുമായിരുന്നു. കാസർകോടിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന എന്റെ മണ്ഡലത്തിലെയും മറ്റു മണ്ഡലങ്ങളിലെയും ആളുകൾക്ക് ഒരു വ്യത്യാസവുമില്ലാതെ ആവശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിൽ മനു കാണിച്ച താത്പര്യം എടുത്തു പറയേണ്ടതാണ്. തിരുവനന്തപുരമായി ബന്ധപ്പെടുന്ന കാസർകോട്ടെ എല്ലാ പൊതുപ്രവർത്തകർക്കും മനുവിനെ അറിയാം. അവർ എന്ത് ആവശ്യപ്പെട്ടാലും ഈ ചെറുപ്പക്കാരന് No പറയാൻ അറിയുമായിരുന്നില്ല. എല്ലാവരെയും ഏത് നേരത്തും സഹായിക്കുമായിരുന്നു. മനു എന്റെ അഡിഷണൽ പി.എ ആയിരുന്നുവെങ്കിലും എല്ലാ എം.എൽ.എമാർക്കും അവനെ ഏറെ ഇഷ്ടമായിരുന്നു. ചില മന്ത്രിമാർ പോലും മനുവിനെ വളരെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ചില മന്ത്രിമാരെ ആവശ്യങ്ങൾക്കായി സമീപിക്കുമ്പോൾ എന്നോട് അവർ പറയാറുള്ളത് ഞാൻ വരേണ്ടതില്ലായിരുന്നു, നമ്മുടെ പയ്യനെ അയച്ചാൽ മതിയായിരുന്നു എന്നാണ്. ഏൽപ്പിച്ച ഏത് ജോലിയും ഇത്രമാത്രം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും ചെയ്യുന്ന മനുവിനെ പോലെയുള്ള ചെറുപ്പക്കാരനെ അപൂർവ്വമായിട്ടെ കാണാൻ സാധിക്കുകയുള്ളൂ. ഞാൻ തിരുവനന്തപുരം പോകുമ്പോൾ രാവിലെ ആറുമണിക്ക് വണ്ടിയുമായി റെയിൽവേ സ്റ്റേഷനിൽ എത്തുകയും, എല്ലാ ജോലിയും തീർത്ത് രാത്രി വളരെ വൈകിയേ മനു വീട്ടിലേക്ക് പോവുകയുള്ളൂ. ഈ നഷ്ടവും ദുഃഖവും എനിക്ക് താങ്ങാവുന്നതിൽ ഏറെയാണ്. കൂടുതൽ എന്തെങ്കിലും എഴുതാൻ ഞാനിപ്പോൾ അശക്തനാണ്.