കുമ്പള: സ്കൂൾ കായികമേളയ്ക്കിടെ വിദ്യാർഥികളെ അഞ്ചംഗ സംഘം മർദിച്ചു. കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. കായിക മത്സരങ്ങൾ നടന്നു കൊണ്ടിരിക്കെ പുറത്തുനിന്നെത്തിയ അഞ്ചംഗ സംഘം ഗ്രൗണ്ടിലുള്ള വിദ്യാർഥികളെ മർദിക്കുകയായിരുന്നു. കൂട്ടത്തോടെ ചെറുത്തുനിൽപ്പിന് തുനിഞ്ഞ വിദ്യാർഥികളെ അധ്യാപകർ പിന്തിരിപ്പിച്ചു.
ഗ്രൗണ്ടിന് പുറത്തുവച്ചും സംഘം വിദ്യാർഥികളെ മർദിച്ചു. കടകളിലും മറ്റും കയറിയാണ് വിദ്യാർഥികൾ രക്ഷപ്പെട്ടത്. പ്രധാന കവാടത്തിന് പുറത്ത് വച്ച് ദിവസവും പെൺകുട്ടികളെ ശല്യം ചെയ്യുന്ന ഒരുപറ്റം സാമൂഹിക ദ്രോഹികളാണ് അക്രമത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. തൊട്ടടുത്ത സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി ആക്രമികൾക്ക് വേണ്ടി പരക്കെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി അധ്യാപകർ അറിയിച്ചു.