മുള്ളേരിയ: ചെര്‍ക്കള-മുള്ളേരിയ റൂട്ടിലെ കോട്ടൂര്‍ ജംഗ്ഷനില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ 8.45 മണിയോടെയാണ് അപകടം.
തമിഴ്‌നാട് സേലം സ്വദേശിയും ചെര്‍ക്കള കേക്കെപുറത്തെ സിമന്റ് ഗോഡൗണിലെ തൊഴിലാളിയും ചുള്ളിക്കര കൊട്ടോടിയില്‍ താമസക്കാരനുമായ കാര്‍ത്തിക് (43) ആണ് മരിച്ചത്. പാണത്തൂരില്‍ നിന്ന് ബൈക്കില്‍ ചെര്‍ക്കളയിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്നു കാര്‍ത്തിക്. മുള്ളേരിയയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാര്‍ത്തികിനെ ഉടന്‍ തന്നെ ചെങ്കളയിലെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബൈക്ക് യാത്രക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയാണ് മരിച്ചത് കാര്‍ത്തികാണെന്ന് തിരിച്ചറിഞ്ഞത്.
തമിഴ്‌നാട് സേലത്തുനിന്ന് 15 വര്‍ഷം മുമ്പാണ് കാര്‍ത്തിക്കിന്റെ കുടുംബം ചുള്ളിക്കര കൊട്ടോടിയിലെത്തിയത്. നേരത്തെ നീലേശ്വരം പേരോലിലും ജോലിചെയ്തിരുന്നു. 10 വര്‍ഷം മുമ്പാണ് ചെര്‍ക്കള കേക്കെപ്പുറത്ത് ജോലിക്കെത്തിയത്. പുലവേന്ദ്രന്റെ മകനാണ്. ഭാര്യ: ജാനകി. മക്കള്‍: രാഹുല്‍ ഗോകുല്‍. മരുമകള്‍: സജിന.