വീട്ടുകാരുടെ ശാസനയെ തുടര്‍ന്ന് വീട്ടില്‍ നിന്നു ഇറങ്ങിപോയ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


 കാസര്‍കോട്: വീട്ടുകാരുടെ ശാസനയെ തുടര്‍ന്ന് വീട്ടില്‍ നിന്നു ഇറങ്ങിപോയ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍, പാദൂര്‍,എസ്.സി കോളനിയിലെ പി.ധനുഷ് (19)ആണ് മരിച്ചത്. ബേത്തൂര്‍പ്പാറ, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്യൂണ്‍ ചന്ദ്രന്റെയും ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ ഗ്രീന്‍ ഡ്രീംപ്ലാന്റ്സ് ജീവനക്കാരി എം.ശ്യാമളയുടെയും മകനാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് ധനുഷിനെ കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് നല്‍കിയ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് വീടിനു സമീപത്തെ പറമ്പില്‍ ധനുഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാനഗര്‍ ഗവ.ഐ.ടി.ഐ നിന്നു ഇലക്ട്രീഷന്യന്‍ കോഴ്സ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ പരിശീലനത്തിനു പോയിരുന്നു. അവിടെ ഭക്ഷണവും വെള്ളവും ശരിയല്ലെന്നു പറഞ്ഞു കഴിഞ്ഞ മാസം 17ന് ധനുഷ് തിരിച്ചെത്തുകയായിരുന്നുവെന്നു പറയുന്നു. മിക്കസമയത്തും മൊബൈല്‍ ഫോണില്‍ ചെലവിടുന്ന മകനോട് മാതാവ് കഴിഞ്ഞ ദിവസം ഗുണദോഷിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പഠിക്കാന്‍ മിടുക്കനായിരുന്ന ധനുഷിന്റെ അകാല വിയോഗം കുടുംബത്തെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി. സഹോദരങ്ങള്‍: വിഷ്ണു, ജിഷ്ണു.

Previous Post Next Post
Kasaragod Today
Kasaragod Today