കാസര്‍കോട്: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറിയില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അതേ ലോറി കയറി മരിച്ചു. എന്നാല്‍ പൊലീസ് പിന്‍തുടര്‍ന്നതാണ് ലോറി അപകടത്തില്‍പ്പെട്ടതെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ചെര്‍ളടുക്ക, എതിര്‍തോട് സ്വദേശി അസ്മിയ മന്‍സിലില്‍ അബ്ദുല്‍ റഹ്‌മാന്റെയും ആയിഷയുടെയും മകന്‍ നൗഫല്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബദിയഡുക്ക, ഗോളിയടുക്കയിലാണ് അപകടം. മണല്‍ കയറ്റിയ ലോറി ഇറക്കത്തില്‍വച്ച് നിയന്ത്രണം വിടുകയായിരുന്നുവെന്ന് പറയുന്നു. പഞ്ചായത്ത് മെമ്പറും സിപിഎം നേതാവുമായ രവികുമാറിന്റെ വീടിന്റെ ഗേറ്റിനു സമീപത്തു എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന മണ്‍തിട്ടയില്‍ ഇടിക്കുന്നതിനു മുമ്പ് നൗഫല്‍ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. ടിപ്പര്‍ ലോറി ദേഹത്തുകൂടി കയറിയിറങ്ങി. അപകടത്തിന്റെ ശബ്ദം കേട്ടാണ് രവികുമാര്‍ സ്ഥലത്ത് എത്തിയത്. ഉടന്‍ തന്നെ ബദിയഡുക്ക പൊലീസില്‍ അറിയിക്കുകയായിരുന്നുവെന്നു പറയുന്നു. അപകട വിവരമറിഞ്ഞ് എത്തിയവര്‍ ആണ് ഗുരുതരമായി പരിക്കേറ്റ നൗഫലിനെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറിയെ എസ്ഐയും സംഘവും പിന്തുടര്‍ന്നതാണ് അപകടത്തിനു ഇടയാക്കിയതെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്, എന്നാല്‍ ആരോപണവിധേയനായ എസ്.ഐയും സംഘവും അപകടം നടക്കുന്ന സമയത്ത് കുമ്പള ഭാഗത്തായിരുന്നുവെന്നു പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. നാസര്‍, മുനീര്‍, ലത്തീഫ്, അസ്മിയ എന്നിവരാണ് നൗഫലിന്റെ സഹോദരങ്ങള്‍.
നിയന്ത്രണം വിട്ട ലോറിക്കടിയിൽപെട്ട് യുവാവ് മരിച്ചു
mynews
0