കാറില്‍ കടത്തുകയായിരുന്ന 26,317 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

 കാസര്‍കോട്: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 26,317 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാക്കം, കരുവാക്കോട്, സോയാമന്‍സിലിലെ എ.എം.മുഹമ്മദ് ഹനീഫ (56), ഉത്തര്‍പ്രദേശ് മാവു, കസ്ബാക്കര്‍ സ്വദേശിയും ബേക്കല്‍ കോട്ടയ്ക്കു സമീപം താമസക്കാരനുമായ സുനില്‍ ചൗഹാന്‍ (26) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത എസ്.ഐ പി.പി.അഖിലും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി അഡുക്കത്തുബയല്‍ ദേശീയപാതയില്‍ നടന്ന വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന പൊലീസ് ഇരുവരെയും കയ്യോടെ പിടികൂടി. ഇരുവരുടെയും പെരുമാറ്റം കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം തുറന്നു നോക്കിയപ്പോഴാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. 24 ചാക്കുകളിലായി സീറ്റിനടിയിലും മറ്റും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍.


Previous Post Next Post
Kasaragod Today
Kasaragod Today