കാസർകോട്: കാസർകോട്ടെ മല്ലികാർജുന ക്ഷേത്രത്തിൽ വൻകവർച്ച. ഞായറാഴ്ച അർധരാത്രി ഒരു മാണിക്കും രണ്ടരക്കും ഇടയിലാണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. ചുറ്റമ്പലത്തിനകത്തെ ഉപദേവനായ അയ്യപ്പന്റെ ശ്രീകോവിലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഭണ്ഡാരം അതേപടി കടത്തിക്കൊണ്ടുപോയി. മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ഇവ കാസർകോട് ടൗൺ പൊലീസ് പരിശോധിച്ചുവരികയാണ്. ഞായറാഴ്ച രാത്രി ക്ഷേത്രം അടച്ചശേഷം കാവൽക്കാരൻ രാത്രി 12 മണി വരെ ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയിരുന്നു. നിരന്തരം പരിശോധന നടത്തിയശേഷമാണ് സുരക്ഷാ ജീവനക്കാരൻ മടങ്ങിയത്. ആരോഗ്യപ്രശ്നമുള്ളതിനാൽ മരുന്ന് കഴിക്കുന്ന കാവൽക്കാരൻ ഇടക്ക് മയങ്ങിപ്പോയി. ഈ സമയത്താണ് കവർച്ച നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടു മണിയോടെ വാഹനം അതിവേഗം കടന്നുപോകുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു. ഈ സമയം ക്ഷേത്രത്തിന്റെ പിൻഭാഗത്തും വഴി ഒരു വാഹനം അതിവേഗം ഓടിച്ചുപോകുകയായിരുന്നു. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ അതിൽ മോഷ്ടാക്കൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ പതിഞ്ഞു. ഒരാൾ മുണ്ടും മറ്റൊരാൾ പാന്റുമാണ് ധരിച്ചിരുന്നത്. ഈ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ചുരുങ്ങിയത് ഒരു ലക്ഷത്തിനടുത്ത് കാണിക്ക തുക ലഭിക്കാറുള്ള ഭണ്ഡാരമാണിത്. എല്ലാ മാസവും 20ന് ശേഷമാണ് ഇവിടെ കാണിക്ക തുക എണ്ണുക. ക്ഷേത്രം അധികൃതരുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.