ബദിയടുക്കയിൽ സ്കൂളിലേക്ക് പോവുകയായിരുന്ന അധ്യാപികയുടെ മാല ബൈക്കിലെത്തി തട്ടിപ്പറിച്ചു

 ബദിയടുക്ക: സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന അധ്യാപികയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്തു. ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗം അധ്യാപികയായ അശ്വതിയുടെ കഴുത്തില്‍ നിന്നാണ് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അശ്വതി ബോളുക്കട്ടയിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം.

ദിവസവും സ്‌കൂളിലേക്ക് ഊടുവഴിയിലൂടെയാണ് നടന്നുപോകാറുള്ളത്. ഇന്ന് രാവിലെ പതിവുപോലെ ഇതേ വഴിയിലൂടെ അശ്വതി സ്‌കൂളിലേക്ക് പോകുമ്പോള്‍ വെളുത്ത ബൈക്കില്‍ പിറകെയെത്തിയ യുവാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അധ്യാപിക സ്‌കൂളില്‍ എത്താറായ സമയത്താണ് മാല മോഷണം നടന്നത്.

അശ്വതി മാല വലിച്ചുപിടിച്ചതോടെ പകുതി കഷണം മാത്രമേ മോഷ്ടാവിന് ലഭിച്ചുള്ളൂ. ഈ കഷണവുമായി മോഷ്ടാവ് ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു. അധ്യാപികയുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം ബോളുക്കട്ട അര്‍ത്തിപ്പള്ളയിലും മാല പിടിച്ചുപറിച്ച സംഭവമുണ്ടായിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ബദിയടുക്ക പഞ്ചായത്തിന്റെ പണി തീരാത്ത ടൗണ്‍ ഹാള്‍ ഈ ഭാഗത്തുണ്ട്.

ഈ ടൗണ്‍ഹാള്‍ കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയാ സംഘങ്ങളുടെയും താവളമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ ഭാഗത്തെ സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്


ഞു.

Previous Post Next Post
Kasaragod Today
Kasaragod Today